Moolammattam

സ്വകാര്യ ബസുകള്‍ അമിത വേഗത്തില്‍ പായുന്നു; നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍

മൂലമറ്റം: തൊടുപുഴയില്‍ നിന്നും ഹൈറേഞ്ച് മേഖലയിലേക്ക് സര്‍വീസ് നടത്തുന്ന ചില സ്വകാര്യ ബസുകള്‍ അമിത വേഗത്തില്‍ സഞ്ചരിക്കുന്നതായി പരാതി. ഹൈറേഞ്ച് മേഖലയിലേക്ക് പോകുമ്പോഴും തിരിച്ച് ഹൈറേഞ്ച് മേഖലയില്‍ നിന്നും തൊടുപുഴയിലേക്ക് വരുന്നതുമായ ബസുകളാണ് റോഡ് നിയമങ്ങള്‍ പാലിക്കാതെ അതിവേഗത്തില്‍ സഞ്ചരിച്ച് മറ്റ് വാഹനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നത്. ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ എത്തുന്നതിന്  മുമ്പേ യാത്രക്കാരെ എത്തിക്കുന്നതിനാണ് ഇത്തരത്തില്‍ ബസുകള്‍ പായുന്നത് എന്നാണ്  പറയപ്പെടുന്നത്. വൈകുന്നേരം തൊടുപുഴയിലേക്ക് മൂലമറ്റം – തൊടുപുഴ റോഡില്‍ സഞ്ചരിക്കുന്ന ബസുകളെക്കുറിച്ചാണ് കൂടുതലും പരാതി ഉയരുന്നത്. എതിര്‍ദിശയില്‍ നിന്നും വരുന്ന ചെറു വാഹനങ്ങളെ ഗൗനിക്കാതെ മറ്റ് വാഹനങ്ങളെ മറികടന്ന് എത്തുന്ന ബസുകളുടെ മുന്നില്‍ നിന്നും ചെറുവാഹനങ്ങള്‍ ടാറിങിന്റെ പുറത്തേക്ക് വാഹനം ചാടിച്ചാണ് പലപ്പോഴും രക്ഷപെടുന്നത്.അമിത വേഗത്തില്‍ ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചാണ് സ്വകാര്യ ബസുകള്‍ നിരത്തിലൂടെ കുതിക്കുന്നത്. ഇരുചക്രവാഹനയാത്രക്കാരാണ്  പാഞ്ഞെത്തുന്ന ബസിന്റെ മുന്നില്‍ നിന്നും കൂടുതലും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍ വലിയ ബുദ്ധിമുട്ടാണ് നിരത്തിലുള്ള മറ്റ് വാഹനങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. വളവുകള്‍ പോലും പരിഗണിക്കാതെ മറ്റ് വാഹനങ്ങളെ ഓവര്‍ ടേക്ക് ചെയ്യുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്. തൊടുപുഴയില്‍ നിന്നും ഹൈറേഞ്ചില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ അമിതവേഗം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലായെന്നും, ശ്രദ്ധയില്‍പ്പെട്ടാല്‍ വേണ്ട നടപടി സ്വീകരിക്കുമെന്നും ഇടുക്കി റോഡ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!