CrimeThodupuzha

പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

തൊടുപുഴ: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ സജില്‍, എം.കെ നാസര്‍, നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 9, 11, 12 പ്രതികളായ നൗഷാദും മൊയ്തീന്‍ കുഞ്ഞും അയൂബും 3 വര്‍ഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വര്‍ഷം ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ടി.ജെ ജോസഫിന ആറ് പ്രതികളും ചേര്‍ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളിലായി ആദ്യ മൂന്ന് പ്രതികള്‍ 2 ലക്ഷത്തി 85,000 പിഴ നല്‍കണം. അവസാന മൂന്ന് പ്രതികള്‍ 20,000 രൂപയും പിഴ നല്‍കണം. പ്രതികളുടെ പിഴ സംഖ്യയില്‍ നിന്ന് പ്രൊഫസര്‍ ടി ജെ ജോസഫിന് 4 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കണമെന്നുമാണ് കോടതി നിര്‍ദ്ദേശം. നേരത്തെ പ്രഖ്യാപിച്ച പിഴ ശിക്ഷയ്ക്ക് പുറമെയാണിത്. കൊച്ചിയിലെ എന്‍ ഐ എ കോടതിയാണ് വിധി പറഞ്ഞത്. ചോദ്യപേപ്പറിലെ മതനിന്ദയാരോപിച്ച് പോപ്പുലര്‍ഫ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ പ്രൊഫസര്‍ ടി. ജെ ജോസഫിന്റെ കൈകള്‍ താലിബാന്‍ രീതിയില്‍ വെട്ടിമാറ്റിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. രണ്ടാംഘട്ട വിസ്താരം പൂര്‍ത്തിയാക്കിയ കൊച്ചിയിലെ എന്‍ ഐ എ കോടതി അഞ്ചുപേരെ ഇന്നലെ വെറുതെ വിട്ടിരുന്നു. പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കെവെട്ടിമാറ്റുന്നതിന് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത, ടിജെ ജോസഫിന്റെ കൈ പിടിച്ച് കൊടുത്ത സജില്‍, എല്ലാത്തിന്റെയും സൂത്രധാരനായ പോപ്പുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, ആസൂത്രണത്തില്‍ പങ്കുളള നജീബ് എന്നിവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ച കോടതി മൂന്ന് പേരെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൃത്യത്തിന് ശേഷം പ്രതികളെ രക്ഷപെടാന്‍ സഹായിച്ചതിനാണ് മറ്റു മൂന്നു പ്രതികളായ നൗഷാദ്, മൊയ്തീന്‍ കുഞ്ഞ്, അയ്യൂബ് എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന പ്രൊഫസര്‍ ടിജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മതനിന്ദയുണ്ടെന്നാരോപിച്ചാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.

Related Articles

Back to top button
error: Content is protected !!