ChuttuvattomThodupuzha

തൊടുപുഴ നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ വിളയാട്ടം

തൊടുപുഴ: ലഹരിക്കടിമയായ അതിഥി തൊഴിലാളി തൊടുപുഴ നഗരത്തില്‍ അസഭ്യവര്‍ഷവും വെല്ലുവിളിയുമായി അഴിഞ്ഞാടിയത് നാട്ടുകാര്‍ക്കും പോലീസിനും തലവേദനയായി. കാഞ്ഞിരമറ്റം ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മദ്യപിച്ച് ലക്ക് കെട്ട് ബൈക്കുമായാണ് അതിഥി തൊഴിലാളി എത്തിയത്. തിരക്കേറിയ ജങ്ഷനില്‍ ബൈക്ക് നിന്ന് പോയി. റോഡില്‍ മറിഞ്ഞ് വീണ് ബൈക്ക് പല പ്രാവശ്യം ഉയര്‍ത്തി ഓടിച്ച് പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഏതു നിമിഷവും വാഹനം ഇടിക്കാവുന്ന സ്ഥിതി വന്നതോടെ മറ്റ് യാത്രക്കാരും സമീപത്തെ വ്യാപാരികളും ചേര്‍ന്ന് അതിഥിയെ സഹായിക്കാന്‍ ചെന്നു. ഇതോടെ കേട്ടാലറക്കുന്ന അസഭ്യ വര്‍ഷവുമായി അതിഥി തൊഴിലാളി സഹായിക്കാനെത്തിയവരെ വിരട്ടി.

കൈയ്യോങ്ങി മര്‍ദ്ദിക്കാനും ശ്രമിച്ചു. തൊടുപുഴയിലുള്ള തന്റെ തൊഴിലുടമയുടെ പേരും പറഞ്ഞായിരുന്ന ഭീഷണി. ധൈര്യമുണ്ടേല്‍ തന്നെ തടയാനും പറഞ്ഞ് വെല്ലുവിളിച്ചുകൊണ്ടുള്ള അസഭ്യം പറച്ചില്‍ ഏറെ നേരം തുടര്‍ന്നു. വര്‍ഷങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്നതിനാല്‍ മലയാളത്തിലായിരുന്നു തെറി പറച്ചില്‍. ഈ സമയം അതു വഴി വന്ന പോലീസ് വാഹനം നാട്ടുകാര്‍ കൈനീട്ടി നിര്‍ത്തി. ഇതുകണ്ട അതിഥി തൊഴിലാളി ഓടി മറഞ്ഞു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അല്‍പ്പം അകലെയുള്ള കെട്ടിടത്തിന് മറവില്‍ നിന്നും അതിഥി തൊഴിലാളിയെ പോലീസ് പിടികൂടി. വാഹനത്തില്‍ കയറാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് ബലപ്രയോഗം നടത്തിയാണ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. ഇയാള്‍ വന്ന ഇരുചക്ര വാഹനത്തിന്റെ നമ്പര്‍ വ്യാജമാണോയെന്ന് സംശയിക്കുന്നതായി പോലീസ് സൂചിപ്പിച്ചു. തുടര്‍ന്ന് തൊഴിലുടമ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇയാളെ വിട്ടയച്ചു. ഇത്തരത്തില്‍ നിരവധി അതിഥി തൊഴിലാളികള്‍ വ്യക്തമായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളില്‍ നഗരത്തില്‍ കൂടി രാത്രി സമയങ്ങളില്‍ സഞ്ചരിക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് പ്രത്യേക പരിശോധനകള്‍ നടത്താന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

 

Related Articles

Back to top button
error: Content is protected !!