Keralapolitics

ആക്രമണത്തിന് രാഹുല്‍ മാങ്കൂട്ടത്തില്‍ നേതൃത്വം നല്‍കി, ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വാദം പൂര്‍ത്തിയായി

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. പൊലീസിനെ പ്രതി ആക്രമിച്ചുവെന്നും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ജാമ്യാപേക്ഷയെയും എതിര്‍ത്തു. ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും ആക്രമണത്തിന് നേതൃത്വം കൊടുക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു

എന്നാല്‍, പൊലീസാണ് പ്രതിക്കെതിരെ ആക്രമണം നടത്തിയത് എന്ന് രാഹുലിന്റ അഭിഭാഷകന്‍ വാദിച്ചു. ആറാം തീയതി വരെ ആശുപത്രിയിലായിരുന്നുവെന്നും ഏഴാം തീയതി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും എന്നിട്ടും നോട്ടീസ് പോലും നല്‍കാതെ രാഹുലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്തുവെന്നും മെഡിക്കല്‍ രേഖകള്‍ വ്യാജമല്ലെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും വാദിച്ചു.
പ്രതി മറ്റ് പ്രതികളുടെ അറസ്റ്റ് തടഞ്ഞതായി ഒരു കേസ് ഇതുവരെ ഇല്ലെന്നും പ്രതിക്കെതിരെ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലിസിനെ ആക്രമിച്ചുവെന്ന കേസിലാണ് രാഹുലിനെ വീട്ടില്‍ നിന്നും കന്റോന്റ്‌മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. അതേ സമയം കന്റോന്റ്‌മെന്റ് പൊലീസ് അറസ്റ്റ് ചെയ്ത മറ്റ് രണ്ട് സമര കേസില്‍ രാഹുലിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ മറ്റൊരു കേസ് മ്യൂസിയം പൊലീസുമെടുത്തിരുന്നു. ഈ കേസില്‍ രാഹുല്‍ നല്‍കിയ ജാമ്യാപേക്ഷ സിജെഎം കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!