Thodupuzha

മഴക്കെടുതി: വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പുനരധിവാസം; മന്ത്രി കെ.രാധാകൃഷ്ണന്‍

പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിന് ക്രിയാത്മകമായ ചര്‍ച്ചകളും പഠനവും ആവശ്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി അവിടുത്തെ ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളുണ്ടാവണം. പ്രകൃതി ദുരന്തങ്ങളുണ്ടായ സ്ഥലത്തേക്ക് തിരികെ അവിടെയെത്തി താമസിക്കാന്‍ കഴിയാത്ത ആളുകളുണ്ട്. അവരെ പുനരധിവസിപ്പിക്കാന്‍ ഇടപെടലുകള്‍ ആവശ്യമാണ്. വിവിധ വകുപ്പുകളെ യോജിപ്പിച്ചുകൊണ്ട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണം. ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പുനരധിവാസ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഇടുക്കിയിലെ കൊക്കയാര്‍, പെരുവന്താനം മേഖലയിലെ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷമാണ് ഇക്കാര്യം അറിയിച്ചത്. 47 കുടുംബങ്ങളിലെ 175 പേര്‍ കഴിയുന്ന കൂട്ടിക്കല്‍ കെ.എം.ജെ പബ്ലിക് സ്‌കൂള്‍ ക്യാമ്പ്, 54 കുടുംബങ്ങളിലെ 190 പേര്‍ കഴിയുന്ന സെന്റ് ജോര്‍ജ് സ്‌കൂള്‍ ക്യാമ്പ്, 45 കുടുംബങ്ങളിലെ 133 പേരുള്ള കുറ്റിപ്ലാങ്ങാട് സ്‌കൂള്‍ ക്യാമ്പ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ദുരിതബാധിതരോട് ക്യാമ്പിലെ സൗകര്യങ്ങള്‍ മന്ത്രി ചോദിച്ചു മനസ്സിലാക്കി. വെള്ളം കയറിയ വീടുകള്‍ സുരക്ഷിതമാണോ എന്ന് അന്വേഷിക്കാന്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ഉറപ്പ് ലഭിച്ച ശേഷമേ വീടുകളിലേക്ക് മടങ്ങാവൂയെന്ന് മന്ത്രി ക്യാമ്പുകളിലുള്ളവരോട് ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ വസ്ത്രവും വൈദ്യസഹായവും ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ ചുമതലക്കാരായ ഉദ്യോഗസ്ഥരെ അറിയിക്കണം. ക്യാമ്പുകളില്‍ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പുകളോട് നിര്‍ദേശിച്ചിട്ടുണ്ട്. താമസിച്ചിരുന്ന വീട് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തുന്നവരെ വേഗത്തില്‍ പുനരധിവസിപ്പിക്കും. മറ്റുള്ളവരുടെ പുനരധിവാസവും റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗം കെ.റ്റി. ബിനു, മുന്‍ എം.എല്‍ എ കെ.ജെ തോമസ് തുടങ്ങിയവര്‍ മന്ത്രിയ്ക്കൊപ്പം ക്യാമ്പുകള്‍ സന്ദര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!