ChuttuvattomCrimeThodupuzha

കുത്തേറ്റ് മരിച്ച മധ്യവയസ്‌കന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ ആശുപത്രികള്‍ കയറിയിറങ്ങി വലഞ്ഞ് ബന്ധുക്കള്‍

തൊടുപുഴ: കുത്തേറ്റ് ചികിത്സയിലിരിക്കെ മരിച്ച മദ്ധ്യവയസ്കന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാൻ വിവിധ മെഡിക്കൽ കോളേജ് ആശുപത്രികൾ കയറിയിറങ്ങി വലഞ്ഞ് ബന്ധുക്കൾ. തൊടുപുഴ സ്വദേശി കൊച്ചുകോതവഴിക്കൽ പ്രദീപിന്റെ (ബാബു- 58) മൃതദേഹത്തോടാണ് ക്രൂരത. ജൂൺ ഒമ്പതിന് ഇടുക്കി പൂമാലയിൽ റബ്ബർ തടി വിൽപ്പനയെ തുടർന്നുണ്ടായ വൈരാഗ്യത്തിന്റെ പേരിലാണ് പ്രദീപിന്റെ കഴുത്തിന് കുത്തേറ്റത്. തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കവേ ശനിയാഴ്ച രാവിലെ പ്രദീപ് മരിച്ചു. വൈകിട്ടോടെ കാഞ്ഞാർ പൊലീസിനെ ആശുപത്രിയിലെത്തിച്ച് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി രാത്രിയിൽ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലെത്തിച്ചു. രാവിലെ പോസ്റ്റ്‌മോർട്ടം ചെയ്ത് തരാമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതനുസരിച്ച് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചു. രാവിലെ തൊടുപുഴയിൽ നിന്ന് ആംബുലൻസിനൊപ്പം പൊലീസും ബന്ധുക്കളും കളമശ്ശേരിയിലെത്തി. എന്നാൽ ഫോറൻസിക് സർജൻ അടിയന്തര അവധിയെടുത്തെന്നും പോസ്റ്റ്‌മോർട്ടം നടത്താനാവില്ലെന്നും പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞു. മറ്റെവിടേക്കെങ്കിലും കൊണ്ടുപോകാൻ പറഞ്ഞതനുസരിച്ച് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു. എന്നാൽ കോട്ടയത്തും പോസ്റ്റ്‌മോർട്ടം നടത്തിയില്ല. ഇടുക്കി ജില്ലക്കാരായതിനാൽ പോസ്റ്റ്‌മോർട്ടം ഇടുക്കിയിൽ തന്നെ നടത്തണമെന്ന് പറഞ്ഞാണ് കോട്ടയം മെഡിക്കൽ കോളേജ് അധികൃതർ മടക്കിയതെന്ന് ബന്ധുക്കൾ പറഞ്ഞു. മോർച്ചറിക്ക് സമീപം മൃതദേഹവുമായി വന്ന ആംബുലൻസ് നിറുത്താൻ പോലും സമ്മതിച്ചില്ല. ഉടൻ തന്നെ മോർച്ചറിയിലെ ജീവനക്കാർ ഇടപെട്ട് വാഹനം നിർബ്ബന്ധിച്ച് ആശുപത്രി കോമ്പൗണ്ടിന് പുറത്തേക്കിറക്കിച്ചതായും ബന്ധുക്കൾ പറഞ്ഞു. ആഴ്ചകളോളം ആശുപത്രിയിലെ ഐ.സി.യുവിലും വെന്റിലേറ്ററിലുമായി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം ജീർണ്ണിച്ച് തുടങ്ങിയിരുന്നു. ഇതേ അവസ്ഥയിൽ കൂടുതൽ യാത്ര ചെയ്യുന്നതും അസാധ്യമായി. പൊലീസ് സർജൻ ഇല്ലാത്തതിനാൽ തൊടുപുഴ ജില്ലാ ആശുപത്രിയിലും പോസ്റ്റ്‌മോർട്ടം ചെയ്യാനാകില്ല. പിന്നീട് കാഞ്ഞാർ പൊലീസ് ഇടുക്കി മെഡിക്കൽ കോളേജ് അധികൃതരുമായി ബന്ധപ്പെട്ട് മൃതദേഹം ഇടുക്കിയിലെത്തിച്ചു. എന്നാൽ ഇവിടെയും സാങ്കേതിക തടസങ്ങളുണ്ടായതിനെ തുടർന്ന് രാത്രി വൈകിയാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ട് നൽകിയത്. തുടർന്ന് വീട്ടിലെത്തിച്ച മൃതദേഹം അർദ്ധരാത്രിയോടെ തൊടുപുഴ ശാന്തിതീരം വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. ആശുപത്രി അധികൃതരിൽ നിന്നും കടുത്ത അവഗണനയാണ് നേരിട്ടതെന്നും മറ്റാർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നും പറഞ്ഞ ബന്ധുക്കൾ സംഭവത്തിൽ മന്ത്രി തലത്തിലുള്ളവർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്. കാഞ്ഞിരമറ്റം വട്ടത്തൊട്ടിയിൽ അംബുജമാണ് മരിച്ച പ്രദീപിന്റെ ഭാര്യ. മക്കൾ: അഞ്ജന, അഭിജിത്ത്, അഭിനവ്. പ്രദീപിനെ കുത്തി പരിക്കേൽപ്പിച്ച കൂവക്കണ്ടം സ്വദേശി മോടംപ്ലാക്കൽ ബാലകൃഷ്ണനെ (കുഞ്ഞ്) കാഞ്ഞാർ പൊലീസ് സംഭവം നടന്ന ഉടൻ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു. പ്രദീപ് മരിച്ചതോടെ ബാലകൃഷ്ണനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!