Local LiveMuthalakodamThodupuzha

ദുരിതം തീരാതെ മുതലക്കോടം നിവാസികള്‍: തകര്‍ന്നു തരിപ്പണമായി റോഡുകള്‍

തൊടുപുഴ: നഗരസഭാ പരിധിയിലുള്ള മുതലക്കോടം ഭാഗത്ത് സഞ്ചാര യോഗ്യമായ റോഡുകളൊന്നും ഇല്ലെന്ന ആക്ഷേപവുമായി നാട്ടുകാര്‍.കുഴികള്‍ നിറഞ്ഞ് പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് മുതലക്കോടം മേഖലയിലുടനീളം. നൂറുകണക്കിനു കുടുംബങ്ങള്‍ ഉപയോഗിക്കുന്ന പ്രധാന റോഡുകളുടെയെല്ലാം അവസ്ഥ ഏറെ പരിതാപകരമാണ്. മുതലക്കോടം സെന്റ് ജോര്‍ജ് എച്ച്എസ്എസ് – മഠത്തിക്കണ്ടം റോഡ്, എച്ച്എസ്എസ്- പഴേരി- പെരുന്പള്ളിച്ചിറ, കൃഷ്ണപിള്ള റോഡ് തുടങ്ങി മുതലക്കോടത്തിന്റ ഹൃദയഭാഗങ്ങളിലൂടെ കടന്നു പോകുന്ന റോഡുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ നഗരസഭാധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് പ്രദേശവാസികളുടെ കുറ്റപ്പെടുത്തല്‍.
കൃഷ്ണ പിള്ള റോഡും സ്റ്റേഡിയം റോഡും അറ്റകുറ്റപ്പണികള്‍ നടത്താനായി രണ്ടാഴ്ച മുന്‍പ് കുഴികള്‍ വൃത്തിയാക്കിയിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണി നടത്തിയില്ല. ഇതോടെ ഇവിടെ ഉണ്ടായിരുന്ന കുഴികളുടെയെല്ലാം ആഴംകൂടി ദുരിതം ഇരട്ടിച്ചു. തകര്‍ന്നുകിടക്കുന്ന റോഡുകള്‍ പ്രധാനമായും നഗരസഭയുടെ 9,10 വാര്‍ഡുകളിലൂടെയാണ് കടന്നു പോകുന്നത്. ഇതില്‍ 9-ാം വാര്‍ഡ് പ്രതിനിധി മുന്‍ വൈസ് ചെയര്‍മാന്‍ ആയിരുന്നു. ഇവരെ കോടതി അയോഗ്യയാക്കിയതോടെ നിലവില്‍ വാര്‍ഡ് കൗണ്‍സിലറും ഇല്ലാതായി.മുതലക്കോടം- മഠത്തിക്കണ്ടം റോഡിന്റെ കുറച്ചു ഭാഗത്തെ നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരനും നഗരസഭയും തമ്മില്‍ കേസ് നിലവിലുണ്ടെന്നും അതിനാലാണ് രണ്ടു വര്‍ഷമായിട്ടും തകര്‍ന്നുകിടക്കുന്ന ഭാഗം അറ്റകുറ്റപ്പണി നടത്താന്‍ കഴിയാത്തതെന്ന നിലപാടിലാണ് നഗരസഭ. റോഡുകളുടെ ശോചനിയാവസ്ഥയില്‍ നഗരസഭയിലും നവകേരള സദസിലും പരാതി നല്‍കിയിട്ടും വര്‍ഷങ്ങളായി നാട്ടുകാര്‍ അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് പരിഹാരമായിട്ടില്ല.

 

Related Articles

Back to top button
error: Content is protected !!