Kerala

സംസ്ഥാനത്ത് കായിക മത്സരങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ; പരിശീലനം, സെലക്ഷന്‍ ട്രയല്‍സ് എന്നിവയ്ക്കും ബാധകം

തിരുവനന്തപുരം: സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം  നാല് മണി വരെ ഔട്ട്ഡോർ കായിക മത്സരങ്ങൾ നടത്തരുതെന്ന് കായിക വകുപ്പ് അറിയിച്ചു. കായിക മന്ത്രി വി. അബ്ദുറഹിമാന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. കായികപരിശീലനം, വിവിധ സെലക്ഷൻ ട്രയൽസ് എന്നിവയ്ക്കും  നിയന്ത്രണം ബാധകമാണ്. കടുത്ത ചൂടു തുടരുന്നതു വരെ നിയന്ത്രണം നിലനിൽക്കും. ചൂട് കാരണം ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ കായിക താരങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്. കൂടുതൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്ത് ജാഗ്രത  തുടരുകയാണ്. പാലക്കാടിനും തൃശ്ശൂരിനുംപുറമേ, ആലപ്പുഴയിലും കോഴിക്കോടുമാണ് ഉഷ്ണതരംഗ മുന്നറിയിപ്പുള്ളത്. പാലക്കാട് ഓറഞ്ച് അലർട്ടും തൃശ്ശൂർ, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും താപനില മുന്നറിയിപ്പ് ഉണ്ട്.സാധാരണയേക്കാൾ മൂന്ന് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. വേനല്‍ വീണ്ടും കടുത്തതോടെ, തൊഴിൽ സമയത്തിലെ പുനക്രമീകരണം മെയ് 15 വരെ തുടരുമെന്ന് പാലക്കാട്‌ ജില്ലാ ലേബര്‍ ഓഫീസര്‍. ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമവേളയായിരിക്കും. വെയിലത്ത് ജോലി ചെയ്യുന്നവര്‍ക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകിട്ട് 3ന് ആരംഭിക്കുന്ന തരത്തിലും ക്രമീകരിക്കണമെന്നാണ് നിർദ്ദേശം.

Related Articles

Back to top button
error: Content is protected !!