ChuttuvattomThodupuzha

സംരക്ഷണഭിത്തി കെട്ടി വഴിയടച്ചു: അനൂപും കുടുംബവും ദുരിതത്തില്‍

കോടിക്കുളം: റോഡിന് സംരക്ഷണഭിത്തി കെട്ടിയതോടെ പിന്നാക്ക കുടുംബത്തിന്റെ വീട്ടിലേയ്ക്കുള്ള വഴിയടഞ്ഞതായി പരാതി. കോടിക്കുളം ചെറുതോട്ടിന്‍കര സ്വദേശി മരങ്ങാലില്‍ അനൂപും കുടുംബവുമാണ് ദുരിതത്തിലായത്. ഇവര്‍ ഇപ്പോള്‍ വീട്ടിലേക്ക് കടക്കുന്നത് ചെറിയ തടിപ്പാലത്തിലൂടെയാണ്. ചെറുതോട്ടിന്‍കര -ആനപ്പാറ റോഡരികിലാണ് ഇവരുടെ വീട്. 2020-21ല്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെറുതോട്ടിന്‍കര -ഏഴല്ലൂര്‍ റോഡിന് സംരക്ഷണഭിത്തി നിര്‍മിച്ചു. വലിയ ഉയരത്തില്‍ സംരക്ഷണഭിത്തി കെട്ടിപ്പൊക്കിയതോടെ അനൂപിന്റെ വീട് റോഡിന് താഴെയായി. വീട്ടിലേക്ക് ഇറങ്ങാന്‍ റോഡില്‍നിന്ന് പാത നിര്‍മിച്ച് കോണ്‍ക്രീറ്റ് ചെയ്തു നല്‍കാമെന്ന് ഉറപ്പു നല്‍കിയ കരാറുകാരന്‍ ഇതു പാലിക്കാതെ ബില്ലും മാറിപ്പോയി. ഇതോടെയാണ് ഇവരുടെ ദുരിതം തുടങ്ങിയത്. റോഡില്‍നിന്ന് രണ്ടാം നിലയിലേക്ക് വച്ചിട്ടുള്ള ചെറിയ തടിപ്പാലത്തിലൂടെയാണ് കുട്ടികള്‍ ഉള്‍പ്പെടെ ഇപ്പോള്‍ വീട്ടില്‍ എത്തുന്നത്. ശ്രദ്ധയോടെ കടന്നില്ലെങ്കില്‍ താഴെ വീഴും. ഇതിന്റെ പേരില്‍ പരാതിയുമായി അനൂപ് ജില്ലാ കളക്ടര്‍ക്ക് ഉള്‍പ്പെടെ പരാതി നല്‍കിയിരുന്നു. അദാലത്തിന് വിളിപ്പിച്ചെങ്കിലും കോവിഡ് മൂലം മാറ്റിവച്ചു. പിന്നീട് ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. കൂലിപ്പണിയെടുത്താണ് അനൂപ് കുടുംബം പുലര്‍ത്തുന്നത്. ഇക്കാര്യത്തില്‍ അധികൃതര്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് അനൂപിന്റെ ആവശ്യം.

Related Articles

Back to top button
error: Content is protected !!