ChuttuvattomThodupuzha

വെളളത്തിൽ മുങ്ങി റോഡ്; നിയന്ത്രണംവിട്ട് വാഹനങ്ങൾ

തൊടുപുഴ: നഗരസഭയുടെ മങ്ങാട്ടുകവല കാരിക്കോട് ഭാഗത്ത്  പതിവായുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. റോഡ് വെള്ളത്തില്‍ മുങ്ങുന്നതോടെ ഇതു വഴി സഞ്ചരിക്കുന്ന വാഹനങ്ങള്‍ നിയന്ത്രണം തെറ്റി പാതയ്ക്ക് സമാന്തരമായി ഒഴുകുന്ന തോട്ടിലേക്ക് പതിയ്ക്കുന്ന അവസ്ഥയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് കാറും ടോറസ് ലോറിയും ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു.

ചെറിയ മഴ പെയ്താല്‍ പോലും റോഡ് വെള്ളത്തില്‍ മുങ്ങുന്ന അവസ്ഥയാണ്. ബുധനാഴ്ച പെയ്ത മഴയെ തുടര്‍ന്നും റോഡില്‍ രൂക്ഷമായ വെള്ളക്കെട്ടുണ്ടായി. കാരിക്കോട് റോഡ്, മുതലക്കോടം റോഡ്,  മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനു മുന്‍ഭാഗം  എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്. പാതയോരത്ത് പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മുതലക്കോടം റോഡിനോട് ചേര്‍ന്നുള്ള തടിമില്ലില്‍ എത്തിച്ച തടികള്‍ ഒഴുകിപോകാതെ ജീവനക്കാര്‍ സുരക്ഷിതമാക്കി.

തൊടുപുഴ ജില്ലാ ആശുപത്രിയിലേക്കുള്ള പ്രധാന പാത കൂടിയാണ് ഇത്. മഴ പെയ്ത് വെള്ളം ഉയരുന്നതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി  നിലയ്ക്കും. പിന്നീട് വെള്ളം ഇറങ്ങുമ്പോഴാണ് ഗതാഗതം പുനസ്ഥാപിക്കാനാകുക. പലപ്പോഴും വെള്ളത്തെ മറികടന്നു പോകുന്ന വാഹനങ്ങളാണ് അപകടത്തില്‍പ്പെടുന്നത്.മങ്ങാട്ടുകവലയില്‍ വെള്ളം ഒഴുകിപോകാനായി റോഡിനു മധ്യഭാഗത്തു കൂടി വലിയ  ഓട നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഓട കാലങ്ങളായി വൃത്തിയാക്കുന്നില്ല. ഓടയില്‍ കൂടി വാട്ടര്‍അഥോറിറ്റിയുടെ  പൈപ്പുകളും ടെലഫോണ്‍ കേബിളുകളും ഉള്‍പ്പെടെ കടന്നു പോകുന്നുണ്ട്. മാലിന്യങ്ങള്‍ ഒഴുകിയെത്തി കേബിളുകളിലും പൈപ്പുകളിലും തങ്ങി നില്‍ക്കുന്നതോടെ വെള്ളം സുഗമമായി ഒഴുകിപ്പോകാനുള്ള മാര്‍ഗം ഇല്ലാതാകുന്നതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം.

റോഡും തോടും വേര്‍തിരിക്കാനുള്ള യാതൊരു സംവിധാനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടില്ല. നേരത്തെ തോടിനു വീതിയുണ്ടായിരുന്നതിനാല്‍ ഇത്ര രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പലരും തോട് കൈയേറിയതോടെ ഇവിടെ വീതി കുറയുകയും മഴ പെയ്താല്‍ വെള്ളം പെട്ടെന്ന് തന്നെ റോഡിലേയ്ക്ക് കയറുകയും ചെയ്യും. റോഡില്‍ നിന്നും അല്‍പ്പം തെന്നി മാറിയാല്‍ വാഹനങ്ങള്‍ തോട്ടിലേക്ക് പതിക്കുന്ന അവസ്ഥയാണ്. സുരക്ഷയ്ക്കായി ഇവിടെ ബാരിക്കെട്ട് സ്ഥാപിക്കുകയോ സംരക്ഷണ ഭിത്തി നിർമിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Back to top button
error: Content is protected !!