IdukkiThodupuzha

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് പിടിയില്‍

തൊടുപുഴ: നഗരത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പലതവണയായി മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു. 183 ഗ്രാം മുക്കപണ്ടം പണയം വെചച്ച് 7.51 ലക്ഷം രൂപയാണ് ദമ്പതികള്‍ തട്ടിയെടുത്തത്.
കേസില്‍ രണ്ടാം പ്രതിയായ ഉടുമ്പന്നൂർ ഇടമറുക് ലബ്ബാവീട്ടില്‍ അബ്ദുസലാം (28) നെയാണ് തൊടുപുഴ ഡിവൈ.എസ്.പി എം.ആർ. മധു ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യ ആന്‍സി (24) യാണ് കേസിലെ ഒന്നാം പ്രതി. ആന്‍സിയുടെ പേരിലാണ് കൂടുതല്‍ മുക്കുപണ്ടം പണയം വെച്ചിരുന്നത്. നഴ്സായ ആന്‍സി കഴിഞ്ഞ മാസം വിദേശത്തേക്ക് പോയിരുന്നു. 2022 നവംബര്‍ 11 മുതല്‍ 2023 ജനവുവരി 16 വരെ ഏഴുതവണയായാണ് സ്വര്‍ണം പണയം വെച്ചത്. കഴിഞ്ഞ ദിവസം സമാനരീതിയില്‍ 3.5 ഗ്രാം തൂക്കം വരുന്ന പൊട്ടിയ ഒരു ചെയില്‍ പണയം വെക്കാനായി പ്രതിയായ യുവാവ് സ്ഥാപനത്തിലെത്തി. എന്നാല്‍ സ്വര്‍ണം പരിശോധിച്ച ജീവനക്കാരന് സംശയം തോന്നിയതിനെത്തുടര്‍ന്ന് സമീപത്തെ ജ്വലറിയിലെത്തിച്ച് പരിശോധന നടത്തി. ഇതോടെയാണ് ആഭരണം മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. തുടര്‍ന്ന് പ്രതിയും ഭാര്യയും പണയം വെച്ചിരുന്ന മുഴുവന്‍ ഉരുപ്പടികളും പരിശോധിച്ചു. ഇതോടെയാണ് മുഴുവന്‍ മുക്കുപണ്ടമാണെന്ന് തെളിഞ്ഞത്. ഇതേ തുടര്‍ന്ന് പണം തിരികെ വേണമെന്ന് സ്ഥാപന ഉടമ, അബ്ദുസലാമിനോട് ആവശ്യപ്പെട്ടെങ്കിലും അവധി പറഞ്ഞ് ഒവിഞ്ഞ് മാറി. ഇതോടെ ഡിവൈ.എസ്.പി എം.ആര്‍.മധുബാബുവിന് പരാതി നല്‍കി. ഇതിനിടെ കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കാറുമായി പ്രതി തൊടുപുയിലെത്തിയിരുന്നു. ഇക്കാര്യമറിഞ്ഞ ധനകാര്യ സ്ഥാപന ഉടമ കാര്‍ പിടിച്ചെടുത്തു. പ്രതിയുടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അറിവില്ലാതിരുന്ന സുഹൃത്ത് ഇത് തന്റെ കാറാണെന്നും വിട്ട് തരണമെന്നും ധനകാര്യ സ്ഥാപന ടമയോടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉടമ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കാര്‍ ഉടമ തൊടുപുഴ ഡിവൈ.എസ്.പിക്ക് പരാതി നല്‍കി. ഇതിന്റെ തുടര്‍ച്ചയായാണ് മുക്കുപണ്ടം പണയം വച്ച കേസില്‍ അബ്ദുസലാം അറസ്റ്റിലായത്. മടക്കത്താനം മാട്ടുപാറയില്‍ വാടക വീട്ടില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പൈനാപ്പിള്‍ കര്‍ഷകനാണ് അബ്ദുലസാമെന്ന് പോലീസ് പറഞ്ഞു. ഇയാളും ഭാര്യയും ചേര്‍ന്ന് മറ്റെവിടെങ്കിലും സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കാര്‍ വിട്ടുകിട്ടാത്തതിനെതിരെ ഉടമയുടെ പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും ഡിവൈ.എസ്.പി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!