Thodupuzha

വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: വൈദ്യുതി ഉല്‍പാദന സാധ്യതകള്‍ പ്രയോജനപ്പെടുത്തി പരമാവധി ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ജില്ലയാണ് ഇടുക്കി.എല്ലായിടത്തും വൈദ്യുതി എത്തിക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന് ചെറുകിട പദ്ധതികളും പരിഗണിക്കും. ചിന്നാറില്‍ 24 മെഗാവാട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു. മൂലമറ്റം നിലയത്തില്‍ നാല് ജനറേറ്റര്‍ കൂടി പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിന് കീഴിലുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ നവീകരിച്ചു ഹോംസ്റ്റേയാക്കുന്നതിന്റെ സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഊര്‍ജ മന്ത്രാലയത്തിന്റെ കീഴില്‍ ജില്ലാ ഭരണവും കെഎസ്‌ഇബിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ഉജ്വല ഭാരതം ഉജ്വല ഭാവി പവര്‍ @ 2047’ ആഘോഷം വാഴത്തോപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ അധ്യക്ഷനായി. പവര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ ആന്‍ഡ് നോഡല്‍ ഓഫീസ് മാനേജര്‍ ഇലാസ് ഖൈര്‍നാര്‍ വിഷയാവതരണം നടത്തി. 30 വരെ ജില്ലാ തലത്തില്‍ വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കും. ഊര്‍ജ രംഗത്ത് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും ലഘുനാടകവും കലാപരിപാടികളും നടത്തി. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന പദ്ധതി വഴി വൈദ്യുതി ലഭിച്ച പൈനാവ് കഞ്ഞിക്കുഴി സെക്ഷനുകളിലെ ഉപഭോക്താക്കള്‍ അനുഭവങ്ങളും പങ്കുവെച്ചു.

Related Articles

Back to top button
error: Content is protected !!