Thodupuzha

റണ്ണിങ് കോണ്‍ട്രാക്ട്: ഇടുക്കിയില്‍ പരിശോധന ആരംഭിച്ചു

ഇടുക്കി: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ റണ്ണിങ് കോണ്‍ട്രാക്ട് പ്രകാരമുള്ള റോഡ് പ്രവൃത്തികളുടെ പരിശോധന ഇടുക്കിയില്‍ ആരംഭിച്ചു. തൊടുപുഴ മുനിസിപ്പാലിറ്റി, മണക്കാട്, കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകളിലെ റോഡുകള്‍ പരിശോധിച്ചു. കേരള സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എസ്. ഷാനവാസിന്റെ നേതൃത്വത്തില്‍ ദേശീയ പാത സെന്‍ട്രല്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എസ്. സജീവ്, പൊതുമരാമത്ത് നിരത്തു വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സി.കെ.പ്രസാദ്, എന്നിവരുടെ നേതൃത്വത്തില്‍ ആദ്യ ദിനം തൊടുപുഴ നിയോജക മണ്ഡലത്തിന് കീഴിലെ വിവിധ പഞ്ചായത്തുകളില്‍ നിര്‍മ്മാണം നടക്കുന്ന റോഡുകളില്‍ പരിശോധന നടത്തി. തൊടുപുഴ നിരത്ത് അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.എം. സൈലേന്ദ്രന്‍, ഇടുക്കി സബ്ഡിവിഷന്‍ മെയിന്റനന്‍സ് അസി.എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാലി.കെ.എച്ച്, അസി. എന്‍ജിനീയര്‍മാരായ ആര്‍.രാജേഷ്, ഐജി മോള്‍ ജോര്‍ജ്, കാര്‍ത്തിക് കൃഷ്ണന്‍ എന്നിവരടങ്ങുന്ന രണ്ട് സംഘമാണ് പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടായ മഴ മൂലം പുതുതായി പണിത പല റോഡുകളിലേയും ചില ഭാഗങ്ങള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാത്ത റോഡുകളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പ്രവൃത്തിയില്‍ വീഴ്ച വരുത്തുന്നവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ എംഡി എസ്.ഷാനവാസ് അറിയിച്ചു.
14 ജില്ലകളിലെയും കണക്കുകള്‍ ശേഖരിച്ച ശേഷം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. ഇത്തരം റോഡുകളില്‍ ഉടനടി അറ്റകുറ്റപണികള്‍ നടത്തുന്നതിന് ശുപാര്‍ശ നല്‍കും. രണ്ടാം ദിനമായ നാളെ  ഇടുക്കി മണ്ഡലത്തിലെ റോഡുകളിലാണ് പരിശോധന നടത്തുക.

മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എസ്.ഷാനവാസിന്റെ അധ്യക്ഷതയില്‍ ദേശീയ പാത, പൊതുമരാമത്ത് നിരത്തു വിഭാഗം അധികൃതര്‍ തൊടുപുഴ റെസ്റ്റ് ഹൗസില്‍ യോഗം ചേര്‍ന്നാണ് പരിശോധിക്കേണ്ട റോഡുകളുടെ പട്ടിക തയ്യാറാക്കിയത്. കേരളത്തിലെ 14 ജില്ലകളിലെയും ഒന്നും രണ്ടും റണ്ണിങ് കോണ്‍ട്രാക്ട് അനുസരിച്ച് നടപ്പാക്കുന്ന മുഴുവന്‍ പ്രവൃത്തിയുടെയും പുരോഗതി പരിശോധനയില്‍ വിലയിരുത്തും. ഓരോ പ്രവൃത്തിയുടെയും മെഷര്‍മെന്റ് ബുക്ക് സഹിതം പരിശോധനക്ക് വിധേയമാക്കും. ഇടുക്കിയില്‍ 2330 കിലോമീറ്ററില്‍ 7357.72 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് നടക്കുന്നത്.

Related Articles

Back to top button
error: Content is protected !!