Kerala

മകരവിളക്കിനൊരുങ്ങി ശബരിമല : ഭക്തരെ പമ്പയില്‍ താത്കാലികമായി തടഞ്ഞു

പമ്പ: ഭക്തരെ പമ്പയിലേക്ക് കയറ്റിവിടുന്നത് താത്കാലികമായി തടഞ്ഞു. ഭക്തര്‍ നിലയ്ക്കല്‍ തന്നെ തുടരണമെന്ന് പൊലീസ് അറിയിച്ചു. പമ്പയിലെ തിരക്ക് നിയന്ത്രിക്കാനാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. പുല്ലുമേട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ഇത്തവണയുണ്ടാകും. സത്രം, കാനന പാത, വള്ളക്കടവ് ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങള്‍ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 വരെ മാത്രമേ ആളുകളെ കടത്തി വിടുകയുള്ളൂ.തിരുവാഭരണ ഘോഷയാത്ര ആറുമണിയോടെ സന്നിധാനത്തെത്തും. തുടര്‍ന്ന് ദീപാരാധനയും പൊന്നമ്പലമേട്ടില്‍ വിളക്കും തെളിയും. മകരജ്യോതി ദര്‍ശിക്കാന്‍ സന്നിധാനത്തും പരിസരത്തും ഭക്തജനപ്രവാഹമാണ്. ഭക്തര്‍ മലയിറങ്ങാതെ സന്നിധാനത്ത് തുടരുകയാണ്. മകര വിളക്ക് കണ്ട ശേഷം സന്നിധാനത്തേക്ക് പോകാന്‍ ഭക്തരെ അനുവദിക്കില്ല.

ഒന്നര ലക്ഷത്തില്‍ അധികം ഭക്തര്‍ മകരവിളക്ക് ദര്‍ശനത്തിനായി സന്നിധാനത്ത് മാത്രം ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. ശക്തമായ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. മകരജ്യോതി ദര്‍ശിക്കാന്‍ 10 വ്യൂ പോയിന്റുകളാണുള്ളത്. മകരവിളക്ക് ദര്‍ശനത്തിന് ശബരിമല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകളെത്തുന്ന പുല്ലുമേട്ടിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളിലും ദര്‍ശനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എട്ടു ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 1400 പൊലീസുകാരെ ജില്ലയില്‍ വിവിധ ഭാഗത്ത് സുരക്ഷക്കായി നിയോഗിക്കും.

 

 

Related Articles

Back to top button
error: Content is protected !!