IdukkiThodupuzha

അയ്യപ്പഭക്തര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്

തൊടുപുഴ: അന്തര്‍ സംസ്ഥാനങ്ങളിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് സുരക്ഷിത യാത്രയൊരുക്കാന്‍ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്.

അയ്യപ്പ ഭക്തരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തടയാന്‍ നിരത്തുകളില്‍ ഉടനീളം 24 മണിക്കൂറും പട്രോളിങ്ങും ബോധവത്കരണവും ശക്തമാക്കി.

വെള്ളിയാഴ്ച രാത്രി അതിര്‍ത്തി മേഖലയിലുണ്ടായ വാഹനാപകടത്തില്‍ എട്ട് അയ്യപ്പ ഭക്തരാണ് മരണപ്പെട്ടത്. തമിഴ്നാട്ടിലാണ് അപകടം നടന്നതെങ്കിലും ഇടുക്കിയുടെ അതിര്‍ത്തിമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്താണ് സംഭവം. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെന്‍സ്റ്റോക്ക് പൈപ്പുകള്‍ക്ക് മുകളിലേക്കാണ് വാഹനം മറിഞ്ഞത്. രാത്രി 11 മണിയോടെയാണ് അപകടം.ജില്ലയില്‍ പലയിടത്തും അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യം ഉണ്ടായതോടെയാണ് പട്രോളിങ്ങും ബോധവത്കരണവും ശക്തമാക്കാനൊരുങ്ങുന്നത്.

അന്തര്‍സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണം കൂടിവരികയാണ്. 26ന് ശേഷം ഇത് വീണ്ടും വര്‍ധിക്കും. ശബരിമല ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഡ്രൈവര്‍മാര്‍ മതിയായ വിശ്രമത്തിനുശേഷം മാത്രം വാഹനം ഓടിക്കണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. പറഞ്ഞു.

പലപ്പോഴും മടക്കയാത്രയിലാണ് അപകടങ്ങള്‍ ധാരാളം സംഭവിക്കുന്നത്. ഡ്രൈവര്‍മാര്‍ ഉറങ്ങിപ്പോയതും അമിതവേഗവും റോഡിനെക്കുറിച്ച പരിചയക്കുറവമെല്ലാം അപകടങ്ങള്‍ക്ക്

കാരണമാകുന്നതായാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ വിശ്രമം ഒപ്പമുള്ള ഭക്തര്‍ ഉറപ്പാക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. ഇടുക്കിയുടെ ഭൂ പ്രകൃതിയെക്കുറിച്ച്‌ ധാരണയില്ലാത്ത ഡ്രൈവര്‍മാരാണ് പലരും. തൊട്ടുമുന്നിലുള്ള കുത്തിറക്കങ്ങളും വന്‍ താഴ്ചകളുമൊക്കെ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. തീര്‍ഥാടന കാലത്ത് അപകടങ്ങള്‍ കുറക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുമായി രംഗത്തുണ്ട്. കുട്ടിക്കാനം കേന്ദ്രീകരിച്ചാണ് ജില്ലയിലെ പ്രവര്‍ത്തനം. ആറ് ടീമുകള്‍ കുമളി മുതല്‍ മുണ്ടക്കയം വരെയുള്ള പ്രധാന പാതയില്‍ 24 മണിക്കൂറും പട്രോളിങ് നടത്തുന്നുണ്ട്. ഇതുകൂടാതെ സുരക്ഷിത യാത്രയുടെ ഭാഗമായി ഡ്രൈവര്‍മാര്‍ക്ക് ചുക്കുകാപ്പി

നല്‍കുന്ന പരിപാടിയും നടന്നുവരുന്നു. കുട്ടിക്കാനം മരിയാന്‍ കോളജുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് വാഹനം സുരക്ഷിതമായി നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും മോട്ടോര്‍ വാഹനവകുപ്പിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കിവരുന്നുണ്ട്. തമിഴ്, തെലുങ്ക് തുടങ്ങി വിവിധ ഭാഷകളിലാണ് ലഘുലേഖ. ഈ മണ്ഡലകാലം അപകടരഹിതമാക്കുക എന്ന ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നോട്ടുപോകുന്നതെന്നും ഇടുക്കി ആ.ടി.ഒ ആര്‍. രമണന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!