Kerala

ശമ്പളം വൈകുന്നു, സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ സമരത്തില്‍, ആശുപത്രികളില്‍ നിന്നുള്ള ട്രിപ്പുകള്‍ എടുക്കില്ല

കൊച്ചി: മെയ് മാസത്തെ ശമ്പളം വൈകുന്നു എന്നാരോപിച്ച് സംസ്ഥാനത്തെ 108 ആംബുലന്‍സ് ജീവനക്കാര്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്കുള്ള ട്രിപ്പുകള്‍ എടുക്കാതെ സമരത്തില്‍. മെയ് മാസത്തെ ശമ്പളം പന്ത്രണ്ടാം തീയതി ആയിട്ടും കിട്ടാത്തതിനെ തുടര്‍ന്നാണ് സിഐടിയുവിന്റെ ആഭിമുഖ്യത്തില്‍ നിസ്സഹകരണ സമരം ആരംഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ ആരംഭിച്ച സമരം ശമ്പളം ലഭിക്കുന്നതുവരെ തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഇതോടെ വിദഗ്ധ ചികിത്സയ്ക്ക് ഒരാശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ മാറ്റുന്നതിന് 108 ആംബുലന്‍സ് സേവനം ലഭിക്കാത്ത സാഹചര്യമാണ്. പദ്ധതിയുടെ നടത്തിപ്പ് ചുമതലയുള്ള ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത്. 50 കോടിയിലേറെ രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കാന്‍ കുടിശ്ശികയുണ്ടെന്ന് കാട്ടിയാണ് ജീവനക്കാരുടെ മെയ് മാസത്തെ ശമ്പളം അകാരണമായി തടഞ്ഞു വച്ചിരിക്കുന്നതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.

ജീവനക്കാരുടെ ശമ്പളം വൈകിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കുന്ന നിലപാടാണ് സ്വകാര്യ കമ്പനി സ്വീകരിക്കുന്നതെന്ന് സിഐടിയു ആരോപിക്കുന്നു. കമ്പനിയുമായുള്ള മുന്‍ധാരണ പ്രകാരം എല്ലാ മാസവും ഏഴാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്നാണ് തീരുമാനമെന്നും എന്നാല്‍ ഈ മാസം ഒരു മുന്നറിയിപ്പും നല്‍കാതെ ശമ്പളം വൈകിപ്പിക്കുകയാണെന്നും സ്‌കൂള്‍ അധ്യാന വര്‍ഷം ഉള്‍പ്പെടെ ആരംഭിച്ച വേളയില്‍ ശമ്പളം വൈകുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും യൂണിയന്‍ ആരോപിക്കുന്നു. 108 ആംബുലന്‍സ് സേവനം ഭാഗികമായി നിലച്ചതോടെ ആശുപത്രികളില്‍ നിന്നുള്ള ഐ.എഫ്.ടി കേസുകള്‍ക്ക് മറ്റ് സ്വകാര്യ ആംബുലന്‍സുകളില്‍ തേടേണ്ട അവസ്ഥയാണ്. ഉടന്‍ അധികൃതര്‍ ഇടപെട്ട് തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയരുകയാണ്.

എന്നാല്‍ ഇന്നലെ ഉച്ചയോടെയാണ് നിസ്സഹരണ സമരവുമായി ബന്ധപ്പെട്ട കത്ത് യൂണിയനില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചതെന്നും ശമ്പളവുമായി ബന്ധപ്പെട്ട കാലതാമസം മുന്‍കൂട്ടി അറിയിച്ചതാണെന്നും പൊതുജനത്തിന്റെ അവശ്യ സേവനം തടയുന്നത് അനുവദിക്കാന്‍ കഴിയില്ല എന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം കഴിഞ്ഞ മാസങ്ങളില്‍ കൃത്യമായി കാലതാമസം ഇല്ലാതെ നല്‍കിയതാണെന്നും മെയ് മാസത്തെ ശമ്പളം ഉടന്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി. സിഐടിയുവിന് പിന്നാലെ ശമ്പളം ഉടന്‍ നല്‍കിയില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്ന് ബി എം എസ് സംഘടനയും കത്ത് നല്‍കിയിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!