ChuttuvattomIdukkiThodupuzha

പട്ടികജാതി – പട്ടികവര്‍ഗ്ഗ കോളനികളിലെ തുടര്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ‘മുന്നേറ്റം’ പ്രോജക്ട്

തൊടുപുഴ: പട്ടികജാതി- പട്ടികവര്‍ഗ്ഗ കോളനികളിലെ പഠനം മുടങ്ങിയവരെയും നിരക്ഷരരെയും കണ്ടെത്തി തുടര്‍ വിദ്യാഭ്യാസം നല്‍കുന്നതിന് ‘മുന്നേറ്റം’ പ്രോജക്ട്. സംസ്ഥാന സാക്ഷരതാ മിഷന്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പുകള്‍, മഹിളാ സമഖ്യ സൊസൈറ്റി എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയിലെ തിരഞ്ഞെടുക്കപ്പെടുന്ന 25 പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ജെ.എസ്.എസ്, എസ്.എസ്.കെ, ജനമൈത്രി എക്‌സൈസ്, വനം വകുപ്പ്, ഊരുകൂട്ടങ്ങളിലെ ഇന്‍സ്ട്രക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, സാമൂഹ്യപഠന മുറികളിലെ അധ്യാപകര്‍, സാക്ഷരതാ പ്രേരകമാര്‍, എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍, കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ എന്നിവരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന 25 പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലും നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. പ്രാഥമിക വിദ്യാഭ്യാസം നേടാത്തവരെ നാലാം തരത്തിലേക്കും തുടര്‍ന്ന് ഏഴാം തരം, പത്താംതരം, ഹയര്‍ സെക്കന്ററി തുല്യതാ കോഴ്‌സുകളിലും ചേര്‍ത്ത് തുടര്‍വിദ്യാഭ്യാസം നല്‍കാനാണ് പദ്ധതി. 15നകം പഠിതാക്കളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കും. വരും വര്‍ഷങ്ങളില്‍ പദ്ധതി ജില്ലയിലെ മറ്റു കോളനികളിലേക്കും വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് സാക്ഷരതാ മിഷന്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് ടി.ഡി.ഒ മനോജ് കെ.ജി, മഹിളാ സമഖ്യ സൊസൈറ്റി സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ബോബി ജോസഫ്, സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ്, കുമാര്‍ എം, സാദിര കെ.എസ്, വിനു ആന്റണി എന്നിവര്‍ പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!