Kerala

കൊടും ചൂട്, വിയര്‍ത്തൊലിച്ച് കേരളം; 8 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. കൊല്ലം, കോട്ടയം, പാലക്കാട്,ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് യെല്ലോ അലേര്‍ട്ട്. ഇന്നും വ്യാഴാഴ്ചയും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 1ന് ആണ് പുതുക്കിയ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചത്. സൂര്യാഘാത സാധ്യത പരിഗണിച്ച് വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയം സംസ്ഥാനത്ത് പുനഃക്രമീകരിച്ചിട്ടുണ്ട്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ സമയം ഏപ്രില്‍ 30വരെയാണ് പുനഃക്രമീകരിച്ചത്. താപനില ഉയരുന്ന സാഹചര്യത്തിലാണ് ലേബര്‍ കമ്മിഷണറേറ്റിന്റെ ജോലി സമയം പുനഃക്രമീകരിച്ച ഉത്തരവ്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. പകല്‍ സമയം ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 3 വരെ വിശ്രമം അനുവദിക്കും. ഷിഫ്റ്റ് വ്യവസ്ഥയിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 12ന് ഷിഫ്റ്റ് അവസാനിക്കും, വൈകീട്ട് 3ന് ഇത് പുനഃരാരംഭിക്കുന്ന തരത്തിലാണ് ക്രമീകരണം. ജില്ലാ ലേബര്‍ ഓഫീസര്‍, ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ എന്നിവരുടെ മേല്‍ നോട്ടത്തില്‍ പ്രത്യേക ടീമുകള്‍ രൂപീകരിച്ചു ദൈനംദിന പരിശോധന നടത്തും.

Related Articles

Back to top button
error: Content is protected !!