ChuttuvattomThodupuzha

ചീറിപാഞ്ഞ് ടോറസ് ലോറികള്‍; അധികൃതരുടെ കണ്ണുവെട്ടിച്ച്‌ മരണപാച്ചില്‍

തൊടുപുഴ: തൊടുപുഴ നഗരപ്രദേശത്തും സമീപത്തെ ഗ്രാമീണ നിരത്തിലൂടെയും നിയമങ്ങളെ നോക്കുകുത്തിയാക്കി അനേകം ടോറസ് ലോറികളാണ് തലങ്ങും വിലങ്ങും പായുന്നത്. മോട്ടോര്‍ വാഹന വകുപ്പിനെയും പോലീസിനെയും കബളിപ്പിച്ച് നിരത്തിലൂടെ തലങ്ങും വിലങ്ങും പായുന്ന ടോറസ് ലോറികളെ പിടികൂടാന്‍ വിജിലന്‍സ് രംഗത്ത്. അനുവദിച്ചതിലും കൂടുതല്‍ ഭാരം കയറ്റിയും നിയമാനുസൃതമായ രേഖകള്‍ ഇല്ലാതെയും നിരത്തിലിറങ്ങാന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സമയ ക്ലിപ്തത പാലിക്കാതെയും അപകടകരമായ വേഗത്തിലുമാണ് ടോറസ് ലോറികളുടെയും സഞ്ചാരം. അനുവദനീയമായതിലും കൂടുതല്‍ ലോഡ് കയറ്റി മുട്ടം മേഖലയിലൂടെ പാഞ്ഞ ആറ് ടോറസ് ലോറികള്‍ ചള്ളാവയല്‍ ഭാഗത്തുനിന്നു കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം പിടികൂടിയിരുന്നു. അനുവദിച്ചതിലും കൂടുതല്‍ പാറ ലോറിയില്‍ കയറ്റിയതിനെത്തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ നടപടി.

ലോഡ് കയറ്റാന്‍ പാസില്ലാതിരുന്ന ലോറിയും ഉണ്ടായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് മുട്ടം വിജിലന്‍സിന്റെ നിരീക്ഷണത്തിലാണ് ലോറികള്‍ പിടിച്ചെടുത്തത്. ഇവരില്‍നിന്ന് 8,000 രൂപ വീതം പിഴയും ഈടാക്കി.എന്നാല്‍, അധികൃതരുടെ കണ്‍മുന്നില്‍ ടോറസ് ലോറികളുടെ മരണപ്പാച്ചില്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും ഇതിനു കടിഞ്ഞാണിടാന്‍ ആരും തയാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി. ഇതു സംബന്ധിച്ച് ജനങ്ങള്‍ ബന്ധപ്പെട്ട അധികൃതരെ വിവരങ്ങള്‍ അറിയിക്കാറുണ്ട്.

നഗരസഭാ പരിധിയിലും സമീപ പഞ്ചായത്ത് പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ക്രഷര്‍, പാറമടകള്‍, നിര്‍മാണ പ്രവര്‍ത്തന മേഖലകളിലേക്ക് സാമഗ്രികള്‍ എത്തിക്കുന്നത് ഉള്‍പ്പെടെ നൂറുകണക്കിന് ടോറസ് വാഹനങ്ങളാണ് വിവിധ നിരത്തുകളിലൂടെ നിത്യവും പായുന്നത്. വഴിയോരങ്ങളില്‍ അധികൃതര്‍ നടത്തുന്ന വാഹന പരിശോധനകളില്‍ നിയമ വിരുധമായും ഗതാഗത നിയമങ്ങള്‍ പാലിക്കാതെയും പായുന്ന നിരവധി ടോറസ് ലോറികളെ പിടികൂടാറുണ്ട്. എന്നാല്‍ പേരിനു മാത്രമായി ചെറിയ പിഴ അടച്ച് ഇവര്‍ കേസില്‍നിന്നു രക്ഷപ്പെടുകയാണ് പതിവ്. ഇത്തരക്കാര്‍ വീണ്ടും ഗതാഗത നിയമങ്ങളെ അവഗണിച്ച് അവരുടെ പ്രവൃത്തികള്‍ കൂടുതല്‍ സജീവമാക്കി രംഗത്തെത്തുന്നുമുണ്ട്. റോഡില്‍ വാഹന പരിശോധനയ്ക്ക് എത്തുന്ന അധികൃതരുടെ കണ്ണ് വെട്ടിക്കാന്‍ പ്രധാന നിരത്തുകള്‍ ഒഴിവാക്കി വീതി കുറഞ്ഞ ഇടവഴികളാണ് ഇവര്‍ കൂടുതലായി ഉപയോഗിക്കുന്നത്. ഇത് ഇത്തരം റോഡുകളില്‍ ഗതാഗത തടസത്തിനും കാരണമാകുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!