Kerala

ലൈംഗിക പീഡനക്കേസ്; മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു കീഴടങ്ങണം, മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി : ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പി.ജി മനു പത്തു ദിവസത്തിനുള്ളില്‍ കീഴടങ്ങണം. കീഴടങ്ങിയാല്‍ മനുവിനെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണം. അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിര്‍ദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു.തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജി.

നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസിലാണ് പി.ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. നേരത്തെ കേസില്‍ കീഴടങ്ങാന്‍ പി.ജി മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാല്‍ കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹര്‍ജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.

Related Articles

Back to top button
error: Content is protected !!