ChuttuvattomThodupuzha

സ്ലാബുകള്‍ തകര്‍ന്നു : ഓടയില്‍ അപകടം പതിയിരിക്കുന്നു

തൊടുപുഴ : നഗരത്തിലെ നടപ്പാതകളിലൂടെ കാല്‍നട യാത്രക്കാര്‍ സൂക്ഷിച്ചു നടന്നില്ലെങ്കില്‍ ഓടയില്‍ വീഴുമെന്നുറപ്പ്. നഗരത്തില്‍ പലയിടത്തും ഓടയ്ക്കു മുകളിലെ സ്ലാബുകള്‍ തകര്‍ന്ന് അപകടക്കെണി രൂപപ്പെട്ടിരിക്കുകയാണ്. പല സ്ഥലത്തും ഓടയ്ക്കു മുകളിലെ സ്ലാബുകള്‍ തകര്‍ന്നിട്ടും അധികൃതര്‍ ഇക്കാര്യത്തില്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് കാല്‍നട യാത്രക്കാരാണ് ദിവസേന ഇതു വഴി കടന്നു പോകുന്നത്.

നഗരത്തില്‍ തിരക്കേറിയ പുളിമൂട് ജംഗ്ഷന്‍, ഗാന്ധിസ്‌ക്വയറിന് സമീപം, മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് മുന്‍ഭാഗം, കാഞ്ഞിരമറ്റം റോഡ്, ഇടുക്കി റോഡ് തുടങ്ങി വിവിധ ഭാഗങ്ങളില്‍ ഓടകള്‍ക്ക് മുകളിലുള്ള സ്ലാബുകള്‍ തകര്‍ന്നിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള ഓടയുടെ സ്ലാബ് തകര്‍ന്നിട്ട് നാളുകളായെങ്കിലും ഇതു വരെ പൊതുമരാമത്ത് വകുപ്പോ നഗരസഭയോ ഇക്കാര്യം ഗൗനിച്ചിട്ടില്ല. ഇവിടെ അപകടങ്ങളും പതിവാണ്. അമ്പലം ബൈപാസില്‍ നിന്നും മൂവാറ്റുപുഴ റോഡിലേക്ക് തിരിയുന്ന റോട്ടറി ജംഗ്ഷനില്‍ സ്ലാബ് തകര്‍ന്നത് വാഹനങ്ങള്‍ക്കും അപകട ഭീഷണിയായി മാറിയിട്ടുണ്ട്.

മുന്‍ വര്‍ഷങ്ങളില്‍ തകര്‍ന്ന സ്ലാബുകളില്‍ കാല്‍ കുടുങ്ങി പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്വകാര്യ ബസ് സ്റ്റാന്‍ഡിന് മുമ്പിലെയും റോട്ടറി ജംഗ്ഷനിലെയും ഓടയില്‍ ഗ്രില്ലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതിന്റെ അഴികളും തകര്‍ന്നിട്ടുണ്ട്. ഇതിനു പുറമേ സ്ലാബുകള്‍ക്ക് മുകളില്‍ പല വ്യാപാര സ്ഥാപനങ്ങളും സാധനങ്ങള്‍ ഇറക്കി വച്ചിരിക്കുന്നതും ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതും കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

 

Related Articles

Back to top button
error: Content is protected !!