ArakkulamLocal Live

ഒച്ച് ശല്യം രൂക്ഷമാകുന്നു: അറക്കുളത്ത് വിദഗ്ധ സംഘം കൃഷിയിടം സന്ദര്‍ശിച്ചു

അറക്കുളം: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് പഞ്ചായത്തും കൃഷിഭവനും സംയുക്തമായി വിള ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചു. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ ഡോ. ഗവാസ് രാഗേഷിന്റെ നേതൃത്വത്തിലാണ് വിദഗ്ധസംഘം കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ചത്.പച്ചക്കറികള്‍, വാഴ, കമുക് തുടങ്ങിയ വിവിധ കാര്‍ഷിക വിളകളിലെല്ലാം ഒച്ചുശല്യം രൂക്ഷമാണ്.ഈര്‍പ്പമുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ രാത്രിയില്‍ കൂട്ടത്തോടെ പുറത്തിറങ്ങി പച്ചക്കറികള്‍, വാഴ, പപ്പായ എന്നിവ പൂര്‍ണമായും തിന്നു നശിപ്പിക്കുന്നു.ഒരു അധിനിവേശ കീടമായ ഒച്ച് ഉഭയലിംഗ ജീവി കൂടി ആയതുകൊണ്ട് 900 ത്തോളം മുട്ടകള്‍ ഇടുകയും ഏകദേശം പത്ത് വര്‍ഷത്തോളം ജീവിക്കുകയും ചെയ്യുന്നു.പകല്‍ പുറത്ത് കാണാറില്ല എന്നതുകൊണ്ട് തന്നെ ഇവയുടെ നശീകരണവും നിയന്ത്രണവും ബുദ്ധിമുട്ടേറിയതും ശ്രമകരവുമാണ്.

പ്രതികൂല സാഹചര്യങ്ങളില്‍ പുറത്തുവരാതെ മൂന്നുവര്‍ഷത്തോളം മണ്ണിനടിയില്‍ ഒരു മീറ്ററോളം ആഴത്തില്‍ കഴിയാന്‍ സാധിക്കും എന്നതിനാല്‍ മൂന്നു മുതല്‍ നാലു വരെ വര്‍ഷത്തെ ജനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ പൂര്‍ണമായ നിയന്ത്രണം സാധ്യമാകൂ എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.വിളകള്‍ക്ക് പുറമേ മനുഷ്യരില്‍ മസ്തിഷ്‌കജ്വരം ഉണ്ടാക്കാന്‍ കെല്‍പ്പുള്ള നിമാ വിരകളുടെയും ബാക്ടീരിയകളുടേയും വാഹകരായ ആഫ്രിക്കന്‍ ഒച്ചുകളെ ഒരു സാമൂഹ്യ വിപത്തായി കൂടി കണക്കാക്കണമെന്ന് സംഘം വിലയിരുത്തി.നനഞ്ഞ ചണച്ചാക്കുകളില്‍ നുറുക്കിയ പപ്പായ ,ക്യാബേജ് ,കോളിഫ്ളവര്‍ എന്നിവയുടെ ഇലകള്‍ ഇട്ട് ഒച്ചുകളെ ആകര്‍ഷിച്ച് അവ ശേഖരിച്ച് നശിപ്പിക്കുന്ന ഒച്ച് കെണികള്‍ കൃഷിയിടങ്ങളില്‍ സ്ഥാപിക്കുന്നതും ചിലവ് കുറഞ്ഞ രീതിയില്‍ ഇവയെ നശിപ്പിക്കുന്നതിന് 60 ഗ്രാം തുരിശ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒച്ചിന്റെ മേല്‍ തളിക്കുന്നതും ഫലപ്രദമാണെന്ന് സംഘം പരിചയപ്പെടുത്തി.പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ. എസ്., വൈസ് പ്രസിഡന്റ് സുബി ജോമോന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ നിലവിലെ സ്ഥിതി വിലയിരുത്തി നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അറിയിച്ചു.റമ്പൂട്ടാനിലെ തണ്ടു തുരപ്പന്‍, കപ്പയിലെ അഴുകല്‍ രോഗം, വാഴയിലെ നിമാവിരകളുടെ ആക്രമണം എന്നിവയുള്ള കൃഷിയിടങ്ങളും സന്ദര്‍ശിച്ച് ആവശ്യമായ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചു.കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ യു. എം. അനില്‍കുമാര്‍, കൃഷി ഓഫീസര്‍ സുജിതാമോള്‍ സി.എസ്., കൃഷിവകുപ്പുദ്യോഗസ്ഥര്‍ എന്നിവരും വിദഗ്ധ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!