ChuttuvattomThodupuzha

തൊടുപുഴ നഗരസഭയില്‍ ഖരമാലിന്യ പരിപാലന പദ്ധതിക്ക് കരട് രൂപരേഖയായി

തൊടുപുഴ:  കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ തൊടുപുഴ നഗരസഭയിലെ കരട് രൂപരേഖ തയ്യാറായി. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയുടെ കരട് രൂപരേഖാ അവതരണം തൊടുപുഴ ടൗണ്‍ഹാളില്‍ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
തൊടുപുഴ നഗരസഭയില്‍ ഖരമാലിന്യ പരിപാലന മേഖലയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് കെ.എസ്.ഡബ്ല്യൂ.എം.പി മുഖേന നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. 12 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നത്. ഇതില്‍ ആദ്യ രണ്ട് വര്‍ഷത്തെ പദ്ധതി നിര്‍വഹണത്തിന് 2.28 കോടി രൂപയുടെ പദ്ധതികള്‍ക്ക് ഡിപിസി അംഗീകാരവും ലഭിച്ചിട്ടുണ്ട്.
നഗരസഭയിലെ ഖരമാലിന്യ പരിപാലന സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തിലൂന്നി മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, മാലിന്യ പരിപാലനം, സംസ്‌കരണം എന്നിവക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുക, ഖരമാലിന്യ പരിപാലനത്തിനുള്ള സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക, പ്രാദേശിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഒരുക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മാലിന്യപരിപാലനത്തിനു അത്യാധുനിക ഗതാഗത സംവിധാനങ്ങള്‍ ഒരുക്കുക, സാമൂഹ്യ പെരുമാറ്റവും ആശയ വിനിമയവും മെച്ചപ്പെടുത്താനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് പദ്ധതിരേഖ തയ്യാറാക്കിയിരിക്കുന്നത്. ഖരമാലിന്യ പരിപാലന പദ്ധതി ടെക്നിക്കല്‍ കണ്‍സള്‍ട്ടന്‍സി എഞ്ചിനീയര്‍ ജിഷ്ണു, തൊടുപുഴ പദ്ധതി നിര്‍വഹണ യൂണിറ്റ് എഞ്ചിനീയര്‍ ഹേമന്ത് പി ജി എന്നിവര്‍ കരട് രൂപരേഖ അവതരിപ്പിച്ചു. 2023-24 മുതല്‍ 2027-28 വരെ അഞ്ച് ഘട്ടങ്ങളായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. എല്ലാ വര്‍ഷവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് വിവിധ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തങ്ങളും ശാക്തീകരണ പ്രവര്‍ത്തങ്ങളും നഗരസഭതലത്തില്‍ നടപ്പാക്കും.
യോഗത്തില്‍ നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എ കരീം അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജെസ്സി ജോണി മുഖ്യപ്രഭാഷണം നടത്തി. ഭരണസമിതി അംഗങ്ങളായ പി. ജി രാജശേഖരന്‍, ഡെപ്യൂട്ടി ജില്ലാ കോര്‍ഡിനേറ്റര്‍ രാഹുല്‍ എം കെ, ജനറല്‍ സൂപ്രണ്ടും സെക്രട്ടറി ഇന്‍ ചാര്‍ജുമായ അംബിക. വി, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ മീരാന്‍കുഞ്ഞ് ഇ എം, കെ.എസ്.ഡബ്ല്യു.എം.പി ടെക്നിക്കല്‍, മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!