Thodupuzha

തെക്കന്‍ മേഖല കര്‍ഷക രക്ഷായാത്ര ഇന്ന്‌ ജില്ലയില്‍

തൊടുപുഴ: അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ സി.പി.ഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌ത തെക്കന്‍ മേഖലാ കര്‍ഷക രക്ഷായാത്ര ഇന്ന്‌ ജില്ലയില്‍ പ്രവേശിക്കും.അഖിലേന്ത്യാ കിസാന്‍സഭ സംസ്‌ഥാന ജനറല്‍ സെക്രട്ടറി വി ചാമുണ്ണി ജാഥ ക്യാപ്‌റ്റനും എ.പി.ജയന്‍ വൈസ്‌ ക്യാപ്‌റ്റനും മാത്യൂ വര്‍ഗീസ്‌ ഡയറക്‌ടറും ജോയിക്കുട്ടി ജോസ്‌, ഇ.എം. ദാസപ്പന്‍, ആര്‍ ചന്ദ്രിക ടീച്ചര്‍ എന്നിവര്‍ അംഗങ്ങളുമായിട്ടുള്ള ജാഥയെ ഇടുക്കി ജില്ലയുടെ പ്രവേശന കവാടമായ നെല്ലാപ്പാറയില്‍ നിന്നും കിസാന്‍സഭ ജില്ലാ നേതാക്കള്‍ സ്വീകരിച്ച്‌ വൈകിട്ട്‌ 5 ന്‌ തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്ന്‌ നടക്കുന്ന സ്വീകരണ സമ്മേളനം കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി ഉദ്‌ഘാടനം ചെയ്യും.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന്‌ കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ട്‌ കര്‍ഷകരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകള്‍ നടപ്പാക്കുക, കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹനയങ്ങള്‍ തിരുത്തുക, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുക തുടങ്ങിയ 14 ഇന ആവശ്യങ്ങളുന്നയിച്ചു കൊണ്ട്‌ തിരുവനന്തപുരത്ത്‌ രാജ്‌ഭവന്‌ മുന്നില്‍ നടത്തുന്ന കര്‍ഷക മഹാസംഗമത്തിന്റെ ഭാഗമായിട്ടാണ്‌ കര്‍ഷകരക്ഷാ യാത്ര നടത്തുന്നത്‌.

ഇടുക്കിയിലെ രണ്ടാംദിവസത്തെ പര്യടനം നാളെ രാവിലെ 9 മണിക്ക്‌ കട്ടപ്പനയില്‍നിന്നും ആരംഭിക്കും. യാത്ര സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ 11 ന്‌ നെടുങ്കണ്ടം, 12 ന്‌ രാജാക്കാട്‌, 1 ന്‌ അടിമാലി എന്നീ സ്‌ഥലങ്ങളില്‍ ജാഥയ്‌ക്ക്‌ സ്വീകരണം നല്‍കും.

തൊടുപുഴയിലെ സ്വീകരണ പരിപാടി വിജയിപ്പിക്കുന്നതിന്‌ സ്വാഗത സംഘം രൂപീകരിച്ച്‌ ചെയര്‍മാനായി വി.ആര്‍. പ്രമോദിനെയും കണ്‍വീനറായി കെ.ആര്‍. ഷാജിയെയും തെരഞ്ഞെടുത്തു. തൊടുപുഴയില്‍ നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍, സംസ്‌ഥാന കൗണ്‍സില്‍ അംഗം കെ. കെ. ശിവരാമന്‍, വി ആര്‍. പ്രമോദ്‌, സുനില്‍ സെബാസ്‌റ്റ്യന്‍, ടി.സി. കുര്യന്‍, പി.കെ. സദാശിവന്‍, പി.പി. ജോയി, മുഹമ്മദ്‌ അഫ്‌സല്‍, കെ. ആര്‍ ഷാജി, എബി ഡി കോലോത്ത്‌, പി.എസ്‌.സുരേഷ്‌, സജി പൗലോസ്‌ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന്‌ സ്വാഗത സംഘം ചെയര്‍മാന്‍ വി ആര്‍ പ്രമോദ്‌, കണ്‍വീനര്‍ കെ ആര്‍ ഷാജി, മണ്ഡലം സെക്രട്ടറി പി.എസ്‌ സുരേഷ്‌ എന്നിവര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.കിസാന്‍സഭ ജില്ലാ പ്രസിഡന്റ്‌ പി.കെ. സദാശിവന്‍, സെക്രട്ടറി ടി.സി കുര്യന്‍, കെ.എസ്‌ രാജന്‍, എസ്‌. മനോജ്‌ എന്നിവരും പങ്കെടുത്തു

Related Articles

Back to top button
error: Content is protected !!