ChuttuvattomThodupuzha

പുഴയോരം ബൈപ്പാസില്‍ സ്പീഡ് കുറക്കാന്‍ ബ്രേക്കറുകള്‍: രാത്രി കാലങ്ങളില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നു

തൊടുപുഴ: നഗരത്തിലെ എട്ടാമത്തെ ബൈപ്പാസായ പുഴയോരം റോഡ് ഔദ്യോഗികമായി തുറന്ന് കൊടുത്തിട്ടില്ലെങ്കിലും രാപകല്‍ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നിര്‍മാണം പൂര്‍ത്തിയാക്കിയത് മുതല്‍ നേര്‍ രേഖയിലുള്ള റോഡില്‍ ഇരുചക്ര വാഹനങ്ങളുമായി യുവാക്കളും ബെക്ക് റേസിംഗിലേക്കും മത്സര ഓട്ടത്തിലേക്കും കടന്നു. പലപ്പോഴും ഇത്തരം റേസിംഗ് വലിയ അപകടത്തിനും ഇടയാക്കുന്നു. അടുത്തിടെയായണ് ജീപ്പിലേക്ക് ബൈക്ക് ഇടിച്ച് കയറിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിക്കുകയും ചെയ്തത്. ഇതോടെയാണ് ഇതുവഴിയുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനായി സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചത്.

രണ്ട് കിലോമീറ്ററോളം നീളത്തിലുള്ള ബൈപ്പാസില്‍ നാലിടങ്ങളിലായി ഇത്തരത്തില്‍ സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചെങ്കിലും രാത്രി കാലങ്ങളില്‍ അപകടത്തിന് ഇടയാക്കുന്നതും ഇതേ സ്പീഡ് ബ്രേക്കര്‍ തന്നെയെന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. രാത്രിസമയങ്ങളില്‍ വാഹനം ഓടിക്കുമ്പോള്‍ വാഹനത്തിന്റെ വെളിച്ചത്തില്‍ സ്പീഡ് ബ്രേക്കറിന്റെ റിഫ്‌ളക്ടര്‍ മാത്രമേ ശ്രദ്ധയില്‍ പെടുകയുള്ളു.ഇതിന്റെ കറുത്ത നിറത്തിലുള്ള കാല്‍ തൊട്ടടുത്തെത്തുമ്പോഴാണ് കാണാനാകുന്നത്. ചുവന്ന റിഫ്‌ളക്ടര്‍ ലൈനിനു പുറത്തേക്ക് ഒരടിയോളം ഉന്തി നില്‍ക്കുന്ന ഇരുമ്പു കാലാണ് ഏറ്റവും കൂടുതല്‍ അപകട സാധ്യതയുയര്‍ത്തുന്നത്. പലപ്പോഴും വാഹനങ്ങള്‍ സ്പീഡ് ബ്രേക്കറില്‍ തട്ടുന്നതിനും കേടുപാടുകള്‍ ഉണ്ടാകുന്നതിനും ഇടയാക്കുന്നുണ്ടെന്നും പരാതിയുണ്ട്. വാഹനങ്ങള്‍ക്ക് പുറമേ വൈകുന്നേര സമയങ്ങളിലും രാത്രി കാലങ്ങളിലും ഇതുവഴി വിശ്രമത്തിനും വിനോദത്തിനും ജോഗിംഗിനും മറ്റുമായി നിരവധിയാളുകളാണ് എത്തുന്നത്. പുഴയോരത്ത് കൂടിയുള്ള ബൈപ്പാസായതിനാല്‍ കാഴ്ചകള്‍ ആസ്വദിക്കാനും നിരവധിയാളുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കറുകളില്‍ രാത്രി വ്യക്തമായി കാണാവുന്ന തരത്തില്‍ റിഫ്‌ളക്ടറുകള്‍ സ്ഥാപിക്കുകയോ നിറം മാറ്റുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!