Thodupuzha

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ മഹാശോഭായാത്ര

തൊടുപുഴ: ജന്മാഷ്ടമിയോടനുബന്ധിച്ച് നാടും നഗരവും കൈയ്യടക്കി രാധാ-കൃഷ്ണ വേഷധാരികള്‍. കോവിഡ് മഹാമാരി തീര്‍ത്ത രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമുള്ള ശ്രീകൃഷ്ണ ജയന്തി ചടങ്ങുകളില്‍ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍നടത്തിയ ശോഭായാത്രയില്‍ അയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു. തൊടുപുഴയില്‍ മഹാശോഭായാത്രയാണ് നടത്തിയത്. പ്രാദേശികമായി ക്ഷേത്രങ്ങളില്‍ നിന്നും ബാലഗോകുലങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടേയും നേതൃത്വത്തിലെത്തിയ ശോഭായാത്രകളുടെ സംഗമം വ്യത്യസ്ഥമായി. കാരിക്കോട് ദേവീക്ഷേത്രം, കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം, മുതലിയാര്‍മഠം മഹാദേവക്ഷേത്രം, വടക്കുംമുറി, മുതലക്കോടം മഹദേവക്ഷേത്രം, ആരവല്ലിക്കാവ് ഭഗവതി ക്ഷേത്രം, നെല്ലിക്കാവ് ഭഗവതി ക്ഷേത്രം, മണക്കാട് ശ്രീനരസിംഹസ്വാമി ക്ഷേത്രം, കാഞ്ഞിരംപാറ, ഒളമറ്റം, മലങ്കര കാട്ടോലി, തെക്കുംഭാഗം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കാപ്പിത്തോട്ടം പുതുപ്പരിയാരം എന്നിവിടങ്ങളില്‍ നിന്നും തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയിലേക്ക് ശോഭായാത്രയെത്തി. ശ്രീകൃഷ്ണ-രാധാവേഷധാരികളായ നൂറുകണക്കിന് ബാലിക ബാലന്‍മാര്‍ പങ്കെടുത്ത മഹാശോഭായാത്ര വൈകിട്ട് 5 ന് കാരിക്കോട് ദേവീക്ഷേത്രത്തില്‍ നിന്നും ആരംഭിച്ചു. നഗരം ചുറ്റി മണക്കാട് ജങ്ഷന്‍ വഴി 6.45 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്ര സന്നിധിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് കൃഷ്ണതീര്‍ത്ഥം കല്യാണമണ്ഡപത്തില്‍ പ്രസാദവിതരണം നടത്തി.

ശ്രീകൃഷ്ണ ചൈതന്യകഥകളുടെ ദൃശ്യാവിഷ്‌കാരത്തോടെ നടത്തിയ ശോഭായാത്രയില്‍ വാദ്യമേളങ്ങള്‍, പുരാണ വേഷധാരികള്‍, നിശ്ചല ദൃശ്യങ്ങള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ അകമ്പടിയായി. ഉച്ചക്ക് ശേഷം മുതല്‍ തന്നെ പലയിടങ്ങളിലും ഘോഷാത്രകള്‍ ആരംഭിച്ചിരുന്നു. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!