Thodupuzha

സംസ്ഥാനത്തെ നദികളിലും ഡാമുകളിലും മണല്‍ഖനനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തം

തൊടുപുഴ: സംസ്ഥാനത്തെ നദികളിലും ഡാമുകളിലും മണല്‍ഖനനം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടച്ചയായി മണല്‍ നിറയുന്നതുമൂലം വര്‍ഷകാലത്ത് പുഴകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നതിന് കാരണമാകും എന്നതിനുപുറമേ നിര്‍മാണ രംഗത്തെ പ്രതിസന്ധിക്കും മേഖലയിലെ തൊഴില്‍ ക്ഷാമത്തിനും മണല്‍വാരല്‍ നിരോധനം ഇടയാക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു.ഇതിനുപുറമേ പാറമട ലോബിയുടെ സമ്മര്‍ദ്ദമാണ് മണല്‍ ഖനനത്തിന് അനുമതി നല്‍കാത്തതിന് പിന്നിലെന്ന ആരോപണവും ശക്തമാണ്. സംസ്ഥാനത്ത് മണല്‍വാരല്‍ നിരോധിച്ചിട്ട് പത്ത് വര്‍ഷത്തിലേറെയാകുന്നു. ഇക്കാലയളവില്‍ നദികളിലും ഡാമുകളിലും വന്നടിഞ്ഞ മണല്‍ നിയന്ത്രിത തോതില്‍ വാരി നീക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി തോട്, പുഴ, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ മണല്‍ വന്നടിഞ്ഞിട്ടുണ്ട്.

ഇത് ജലത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുകയും പ്രളയത്തിനും വെള്ളപ്പൊക്കത്തിനും ഇടയാക്കുന്നതായുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ചെറിയ മഴ പെയ്താല്‍ പോലും നിറഞ്ഞൊഴുകുന്ന പുഴകളില്‍ വേനല്‍ കാലത്ത് വന്‍ മണല്‍ക്കൂനകളാണ് കാണപ്പെടുന്നത്. മണല്‍ക്ഷാമം മൂലം നിര്‍മാണ മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കുന്നതിനും മണല്‍ വാരല്‍ നിരോധനം മൂലമുണ്ടായ തൊഴില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മണല്‍ ഖനനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് വിവിധ തൊഴിലാളി യൂണിയനുകളും രംഗത്തെത്തിയിട്ടുണ്ട്. മണല്‍വാരല്‍ നിരോധനം പിന്‍വലിക്കാത്തതിന് പിന്നില്‍ പാറമട ലോബിയുടെ സമ്മര്‍ദ്ദമാണെന്നും ആരോപണമുണ്ട്.

മണല്‍ നിറഞ്ഞ് ജലനിരപ്പ് ഉയരുന്നത് തടയുന്നതിനായി കഴിഞ്ഞ വര്‍ഷം മുതല്‍ മഴക്കാലത്തിന് മുന്നോടിയായി കോടികള്‍ മുടക്കി പുഴകളിലും ജലാശയങ്ങളിലും ഡ്രഡ്ജിങ് നടത്തിയിരുന്നു. തോടിന്റെയും പുഴകളുടേയും കരകളില്‍ തന്നെ നിക്ഷേപിച്ച ഈ മണല്‍ അടുത്ത മഴക്കാലത്ത് തന്നെ വീണ്ടും പുഴകളിലേക്ക് വീഴുന്ന സാഹചര്യമാണുണ്ടായത്. ഇത് പാഴ് വേലയെ ന്നതിനുപുറമേ കോടികളുടെ ക്രമക്കേടിനും ഇടയാക്കുന്നതായും പരാതി ഉയര്‍ന്നു. സംസ്ഥാനത്തെ 44 നദികളിലും ഡാമുകളിലും മണല്‍ ഓഡിറ്റ് നടത്തി നിയന്ത്രിതമായ രീതിയില്‍ മണല്‍ വാരല്‍ പുനരാരംഭിക്കണം എന്നതാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഇത്തരത്തില്‍ മണല്‍വാരലിന് അനുമതി നല്‍കുന്നതിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കും റവന്യൂ വകുപ്പിനും വന്‍ സാമ്ബത്തിക വരുമാനം ഉണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

Related Articles

Back to top button
error: Content is protected !!