CrimeThodupuzha

അനധികൃത പണമിടപാട് നടത്തിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍

തൊടുപുഴ: അനധികൃത പണമിടപാട് നടത്തിയ പോളിടെക്നിക് വിദ്യാര്‍ത്ഥി കുബേര കേസില്‍ അറസ്റ്റില്‍. തൊടുപുഴ തെക്കുംഭാഗത്ത് അഞ്ചിരി പാറയില്‍ ജോസഫ് മാര്‍ട്ടിനാണ് (22) തൊടുപുഴ പൊലീസിന്റെ പിടിയിലായത്.ജോസഫില്‍ നിന്ന് പണം പലശയ്ക്ക് കടം വാങ്ങിയ തെക്കുംഭാഗം സ്വദേശിയായ യുവാവ് വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിക്കാൻ ഒരു കാരണം ജോസഫിന്റെ ഭീഷണിയാണെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് ജോസഫിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഇയാളുടെ വീട്ടില്‍ നിന്ന് ബ്ലാങ്ക് ചെക്കുകളും പലിശയിനത്തില്‍ വാങ്ങിയ 1,37,400 രൂപയും പൊലീസ് പിടിച്ചെടുത്തു.

തൊടുപുഴയിലെ സ്വകാര്യ കോളേജില്‍ രണ്ടാംവര്‍ഷ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് പ്രതി. മറ്റിടങ്ങളില്‍ നിന്ന് അഞ്ച് രൂപ മാസ പലിശയ്ക്ക് പണം വാങ്ങി ഇരട്ടിയോ അതിലധികമോ പലിശയ്ക്ക് മറിച്ച്‌ കൊടുക്കുന്നതാണ് രീതി. ബ്ലാങ്ക് ചെക്ക് ഈടായി വാങ്ങിയായിരുന്നു ഇടപാട്. മാസങ്ങളായി പ്രതി ഇത് തുടരുന്നു.

ആഴ്ചകളോളം നീണ്ട കൃത്യമായ നിരീക്ഷണത്തിനൊടുവിലാണ് അറസ്റ്റെന്നും പൊലീസ് പറഞ്ഞു. ഇയാളുടെ ബാങ്ക് ഇടപാടുകള്‍ പൊലീസ് നിരീക്ഷിച്ചിരുന്നു. ഡിവൈ.എസ്.പി എം.ആര്‍. മധുബാബുവിനൊപ്പം സി.ഐ വിഷ്ണുകുമാര്‍, എസ്‌.ഐമാരായ ജി. അജയകുമാര്‍, സിദ്ധിഖ് അബ്ദുല്‍ ഖാദര്‍, രജനീഷ്, റെജി, ഉണ്ണികൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.

 

Related Articles

Back to top button
error: Content is protected !!