KarimannurLocal Live

സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ബി. ശിവാനന്ദിന് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ അവസരം

കരിമണ്ണൂര്‍: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍സിസി കേഡറ്റ് സെര്‍ജന്റ് ബി. ശിവാനന്ദ് ജനുവരി 26ന് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ തെരെഞ്ഞെടുക്കപ്പെട്ടു. ജില്ലയില്‍ നിന്ന് ആദ്യമായാണ് ഒരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി ഈ നേട്ടം കൈവരിക്കുന്നത്. റിപ്പബ്ലിക് പരേഡിനോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരിക പരിപാടികളില്‍ കേരളത്തിന്റെ ടീം അംഗമായാണ് ശിവാനന്ദ് പങ്കെടുക്കുന്നത്. കരിമണ്ണൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ ശിവാനന്ദ് കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്‍തുള്ളലില്‍ എ ഗ്രേഡ് നേടിയിരുന്നു. ഈ നേട്ടവും എന്‍സിസി പരേഡ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുടെ മികവുമാണ് കേരളത്തെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്ന 14 ഹൈസ്‌കൂള്‍ കേഡറ്റുകളില്‍ ഒരാളാകാന്‍ ശിവാനന്ദിന് അവസരം ലഭിച്ചത്. സംസ്ഥാനത്തുനിന്ന് ഈ വര്‍ഷം ആകെ പങ്കെടുക്കുന്ന എന്‍സിസി കേഡറ്റുകള്‍ 124ഉം സാംസ്‌കാരിക പരിപാടി അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത് 35പേരെയുമാണ്. മൂവാറ്റുപുഴ ബറ്റാലിയന് കീഴിലുള്ള 34 എന്‍സിസി ട്രൂപുകളില്‍ നിന്ന് ആദ്യഘട്ടം തിരഞ്ഞെടുത്തത് 125 കേഡറ്റുകളെയായിരുന്നു. അതില്‍ നിന്ന് കോട്ടയം ഗ്രൂപ്പ്, കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ ഒമ്പതു തലങ്ങളിലായി നടന്ന വിവിധ മത്സരങ്ങളിലും പരേഡ് ക്യാമ്പുകളില്‍നിന്നും അവസാനഘട്ടത്തില്‍ എത്തിയത് അഞ്ച് പേരാണ്. അതില്‍ ഹൈസ്‌കൂളില്‍ നിന്നും കള്‍ച്ചറല്‍ വിഭാഗത്തിലും തിരഞ്ഞെടുക്കപ്പെട്ട ഏക കേഡറ്റാണ് ശിവാനന്ദ് എന്നതും അഭിമാനകരമാണ്. ഉടുമ്പന്നൂര്‍ മഞ്ചിക്കല്ല് ശങ്കരമംഗലം വീട്ടില്‍ അധ്യാപകരായ കെ.എസ്. ബിനീഷ്, വി.കെ. സുഗന്ധി എന്നിവരുടെ മകനാണ് ബി. ശിവാനന്ദ്. കാനഡയില്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ് വിദ്യാര്‍ത്ഥി ബി. ദേവാനന്ദാണ് ഏക സഹോദരന്‍. ഡല്‍ഹിയില്‍ നടക്കുന്ന ഒരുമാസം നീളുന്ന പരിശീലന ക്യാമ്പില്‍ പങ്കെടുക്കാന്‍ പോകുന്ന ശിവാനന്ദിന് കരിമണ്ണൂര്‍ എന്‍സിസി ട്രൂപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ യാത്രയയപ്പ് നല്‍കി. സ്‌കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍, പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര്‍ സജി മാത്യു എന്നിവര്‍ ശിവാനന്ദിനെ അഭിനന്ദിച്ചു. ചടങ്ങില്‍ സീനിയര്‍ ടീച്ചര്‍ മേരി പോള്‍ അധ്യക്ഷയായിരുന്നു. സ്റ്റാഫ് സെക്രട്ടറി ജീസ് എം. അലക്സ്, അധ്യാപികയും മുന്‍ എന്‍സിസി കേഡറ്റുമായ എലിസബത് മാത്യു, സീനിയര്‍ കേഡറ്റ് അയിറ അന്‍വര്‍, എന്‍സിസി ഓഫീസര്‍ ജയ്സണ്‍ ജോസ്,കോര്‍ഡിനേറ്റര്‍ നിലു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!