IdukkiLocal Live

സംസ്ഥാന സ്‌കൂള്‍ കലോത്സവം: പരിശീലകന്‍ ഇല്ലാതെ മല്‍സരിച്ച് എ ഗ്രേഡ് നേടി അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

ഇടുക്കി: മാപ്പിള കലാരൂപമായ അതികഠിനമായ പരിശീലനം വേണ്ട അറബനമുട്ടിലാണ് അടിമാലി എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. പരിശീലകന്‍ പോലും ഇല്ലാതെ വിജയം നേടിയത്.മലയോര ജില്ലയില്‍ നിന്നും കൊല്ലത്തിന്റെ മണ്ണിലെത്തിയ വിദ്യാര്‍ത്ഥികള്‍ മലപ്പുറം കോഴിക്കോട് കണ്ണൂരും അടങ്ങുന്ന മാപ്പിള കലാരൂപങ്ങളുടെ ഈറ്റില്ലങ്ങളായ മലബാറിനോടാണ് പട വെട്ടേണ്ടി വന്നത്. മൗലാന എന്നു തുടങ്ങുന്ന രീഫാഈ കുത്ത് റാത്തീബിലെ വരികളാണ് ഇവര്‍ മത്സരത്തിനായി ഉപയോഗിച്ചത്.
അല്‍ഫാസ് സുബൈര്‍, അഷ്‌കര്‍ ഷാന്‍, അന്‍ഫാസ് സിദ്ദീഖ്, ഫാറൂഖ് അബ്ദുല്ല, അസ്ലം ഫൈസല്‍, സല്‍മാന്‍ ജബ്ബാര്‍, ആദില്‍, അന്‍ഫര്‍ യൂസഫ്, മാഹിന്‍ അലിയാര്‍, അഫിന്‍ ഷംസുദ്ദീന്‍, സബ്സ്റ്റിറ്റിയൂഷനായി എത്തിയ അല്‍ത്താഫ് കെ.എന്‍ എന്നിവരടങ്ങുന്ന ടീമാണ് മത്സരത്തില്‍ പങ്കെടുത്ത് ഇടുക്കി ജില്ലയെ വിജയത്തില്‍ എത്തിച്ചത്.
സ്‌കൂള്‍തലത്തില്‍ ഇവര്‍ മത്സരിക്കുവാന്‍ തയ്യാറായെങ്കിലും ഇടുക്കി പോലുള്ള പ്രദേശത്ത് പരിശീലനത്തിനായി അറബനമുട്ടില്‍ വിദഗ്ധനായ ഒരു പരിശീലകനെ ലഭിച്ചില്ല.എന്നാല്‍ മത്സരിക്കണമെന്ന അതിയായ ആഗ്രഹം മനസുകളില്‍ നിറഞ്ഞതോടെ പരിശീലകന്‍ ഇല്ലാത്തത് ഇവര്‍ക്ക് വെല്ലുവിളിയായി മാറിയില്ല, നിശ്ചയദാര്‍ഢ്യത്തിനും കഠിനാധ്വാനത്തിനും മുന്നില്‍ വിജയം അനായാസമായി.
പരിശീലന കാലയളവില്‍ ഒരു മത്സരാര്‍ത്ഥിക്ക് സാരമായി പരിക്കുപറ്റിയിരുന്നു എന്നാല്‍ കഠിനപ്രയത്‌നത്തിലൂടെ ടീമംഗത്തെ മാറ്റാതെ തന്നെ മത്സരത്തിന് എത്തുകയായിരുന്നു ഇവര്‍.
അടിമാലിയില്‍ നടന്ന സബ്ജില്ലാ മത്സരത്തിലും കട്ടപ്പനയില്‍ നടന്ന ജില്ലാതല മത്സരത്തിലും വിജയം ചൂടിയതോടെ സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുകയായിരുന്നു.
സ്‌കൂള്‍ അധികൃതരും പിടിഎയും ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നതും പിന്‍ബലമായി. അടിമാലി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും വ്യത്യസ്ത ഇനങ്ങളിലായി രണ്ട് ടീമുകള്‍ മാത്രമാണ് സംസ്ഥാന കലോത്സവത്തില്‍ പങ്കെടുത്തത്. ഈ രണ്ട് ടീമുകളും എ ഗ്രേഡ് നേടി ഇടുക്കി ജില്ലയ്ക്ക് വേണ്ടി വിജയ കിരീടം ചൂടുകയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!