ChuttuvattomThodupuzha

വേനല്‍ അധികരിക്കുന്നു : ജല ദൗര്‍ലഭ്യം രൂക്ഷമാകും

തൊടുപുഴ: പുതുവത്സരത്തിന്റെ ആരംഭത്തോടെ തന്നെ ജില്ലയില്‍ വേനല്‍ച്ചൂട് അധികരിക്കുന്നു. നവംബറില്‍ ആരംഭിച്ച വേനല്‍ ചൂട് ജനുവരി ആരംഭിച്ചപ്പോഴേയ്ക്കും തീവ്രമാകുകയാണ്. വേനല്‍ ശക്തമായി തുടങ്ങിയതോടെ പല മേഖലകളിലും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെട്ടു തുടങ്ങി. വരും ദിവസങ്ങളില്‍ കടുത്ത ജലക്ഷാമമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരും പറയുന്നു. പഴമക്കാര്‍ പറയാറുള്ള നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളിലെ തണുപ്പിന്റെ കാഠിന്യം അന്യമാകുന്ന സ്ഥിതിയാണ് ഓരോ വര്‍ഷം കഴിയുന്തോറും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വ്യക്തമാക്കുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പകല്‍ സമയങ്ങളില്‍ കത്തുന്ന ചൂടും രാത്രികാലങ്ങളില്‍ മരവിപ്പിക്കുന്ന തണുപ്പുമാണ് ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസം ഇല്ലാതെ ജില്ലയിലെന്പാടും അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ ഇതൊക്കെ പഴഞ്ചന്‍ കഥകളാകുന്ന കാലാവസ്ഥ വ്യതിയാനമാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. മരംകോച്ചുന്ന തണുപ്പനുവഭപ്പെട്ടിരുന്ന ഹൈറേഞ്ചിലും തണുപ്പിന്റെ കാഠിന്യം കുറഞ്ഞു. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ തീവ്രമാകുന്ന ചൂട് സാധാരണക്കാരായ ജനങ്ങളുടെ ദൈനം ദിന ജീവിതത്തേയും ബാധിച്ചു തുടങ്ങി. പലയിടങ്ങളിലും കുടിവെള്ള സ്രോതസുകളില്‍ വെള്ളം നാമമാത്രമായി. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ജലസംഭരണികളിലും വെള്ളത്തിന്റെ തോത് കുറഞ്ഞു തുടങ്ങി. ഏതാനും ദിവസങ്ങള്‍ക്കകം പലരും കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്ഥയും സംജാതമാകും. കാര്‍ഷിക വിളകളെ വേനല്‍ ബാധിച്ചു തുടങ്ങിയതോടെ കര്‍ഷകരും പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കൃഷിയിടങ്ങളിലും നിര്‍മാണ മേഖലകളിലും ജോലിയെടുക്കുന്ന തൊഴിലാളികളേയും വേനല്‍ ഗുരുതരമായി ബാധിക്കുന്നുണ്ട്. വേനല്‍ ചൂടിനെ തുടര്‍ന്ന് അണക്കെട്ടുകളിലേക്ക് സ്വാഭാവിക നീരൊഴുക്കും കുറഞ്ഞു. ഇതേ തുടര്‍ന്ന് ജില്ലയിലെ മൂലമറ്റം ഉള്‍പ്പെടെയുള്ള ചെറുതും വലുതുമായ വിവിധ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞത് അതി രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും സൃഷ്ടിക്കുന്നതിനിടയാക്കും. വേനല്‍ച്ചൂട് കനക്കുന്നത് പനി ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ക്കും കാരണമാകുന്നുണ്ട്. വേനല്‍ക്കാല പകര്‍ച്ച വ്യാധികള്‍ക്ക് ചികിത്സ തേടി ജില്ലയിയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ കുട്ടികള്‍, സ്ത്രീകള്‍, വയോജനങ്ങള്‍ തുടങ്ങി നൂറുകണക്കിന് ജനങ്ങള്‍ തിങ്ങി നിറയുന്ന സ്ഥിതിയാണ്.

 

Related Articles

Back to top button
error: Content is protected !!