Local LiveVannappuram

വേനല്‍ ശക്തം , ശുദ്ധജല സ്രോതസായ കുളം വറ്റി : വണ്ണപ്പുറത്ത് കുടിവെള്ളം കിട്ടാതെ 110 കുടുംബങ്ങള്‍

വണ്ണപ്പുറം : വേനല്‍ ശക്തമായതിനെ തുടര്‍ന്ന് വണ്ണപ്പുറം നിരപ്പുപാറ മഴത്തുള്ളി കുടിവെള്ള പദ്ധതിയുടെ ശുദ്ധജല സ്രോതസായ കുളം വറ്റി. ഇതേ തുടര്‍ന്ന് വെള്ളം കിട്ടാതെ 110 കുടുംബങ്ങള്‍ ദുരിതത്തിലായി. പഞ്ചായത്തില്‍ നടപ്പാക്കുന്ന ജലനിധിയുടെ കീഴിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. വേനല്‍ രൂക്ഷമാകുന്നതോടെ വെള്ളം പമ്പ് ചെയ്യുന്ന കുളം വറ്റിവരളുകയും പിന്നീട് പ്രദേശത്താകെ അതിരൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നതും പതിവാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇത്തരം സാഹചര്യം ഉണ്ടായിരുന്നപ്പോള്‍ വണ്ണപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ച് കുളം നിറയ്ക്കുകയും അത് നിരപ്പുപാറയിലെ സംഭരണിയിലേയ്ക്ക് പമ്പ് ചെയ്തു കയറ്റി വിതരണം ചെയ്യുകയുമായിരുന്നു.

എന്നാല്‍ ഇത്തവണ വേനല്‍ ശക്തമായിട്ടും രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുകയും ചെയ്തിട്ടും ഇതുവരെ പഞ്ചായത്ത് ഇത്തരത്തിലുള്ള യാതൊരു നടപടിയും തുടങ്ങിയിട്ടില്ല. ഇതോടെ പ്രദേശവാസികള്‍ മലമുകളിലും മറ്റുമുള്ള നീരുറവകളില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളം ഹോസുകള്‍ വഴി എത്തിച്ചാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള നീരുറവകളും വറ്റിവരണ്ടതോടെ ഇനിയെന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് പ്രദേശവാസികള്‍. വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ പൈപ്പ് ചിലയിടങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും വെള്ളം ഇവിടേക്ക് എത്താറില്ല. നിലവിലുള്ള കുളത്തിലെ വെള്ളം വേനലില്‍ വറ്റുന്നതിന് പരിഹാരമായി വെണ്‍മറ്റം ഭാഗത്ത് വയലിന് സമീപം സ്ഥലം വാങ്ങി പുതിയകുളം കുത്താന്‍ നടപടിയുണ്ടായാല്‍ വേനല്‍ കാലത്തും വെള്ളത്തിന്റ ക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Related Articles

Back to top button
error: Content is protected !!