Internationalpolitics

മണിപ്പൂര്‍ വിഷയത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രിം കോടതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ഇടപെടലുമായി സുപ്രിം കോടതി. അന്വേഷണത്തിന് മൂന്ന് ഹൈക്കോടതി ജഡ്ജിമാര്‍ ഉള്‍ക്കൊള്ളുന്ന ഉന്നതതല സമിതിയെ നിയോഗിച്ചു. മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അന്വേഷങ്ങള്‍ക്ക് പുറമെ പുനരധിവാസം, ദുരിതാശ്വാസ പ്രവര്‍ത്തനം, നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളും സമിതിയുടെ പരിധിയില്‍ വരും. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി കോടതിക്ക് സമര്‍പ്പിക്കും. സിബിഐ അന്വേഷണം തടയുന്നില്ലെന്ന വ്യക്തമാക്കിയ കോടതി നിലവിലുള്ള സംഘത്തിനൊപ്പം കോടതി നിയോഗിച്ച അഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. വിവിധ സംസ്ഥാന പോലീസുകളില്‍ നിന്നായി ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരാകും ഇവര്‍. അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല മുന്‍ മഹാരാഷ്ട്ര ഡിജിപി ദത്താത്രയ് പദ്‌സാല്‍ഗിക്കറിനാണ്. ഇദ്ദേഹം സുപ്രീംകോടതിക്ക് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സിബിഐ അന്വേഷിക്കാത്ത 42 കേസുകള്‍ക്കായി പ്രത്യേക സംഘത്തെയും നിയോഗിക്കും. ഇതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തരമന്ത്രാലയം നിയമിക്കണം. മണിപ്പൂരിന് പുറത്തുള്ള ആറ് ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഈ സംഘങ്ങളുടെ മേല്‍നോട്ട ചുമതല. സംഘര്‍ഷം നിയന്ത്രിക്കാന്‍ പക്വമായ ഇടപെടലാണ നടത്തിയതെന്ന് വാദിച്ച കേന്ദ്രം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വരുത്തിതീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായുള്ള ആരോപണവും കോടതിയില്‍ ഉയര്‍ത്തി. നിലവിലുള്ള സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ മണിപ്പൂര്‍ ഡിജിപി രാജീവ് സിംഗ് ബെഞ്ചിന് മുമ്പാകെ ഹാജരായി.

Related Articles

Back to top button
error: Content is protected !!