ChuttuvattomThodupuzha

മലങ്കര ഇടതുകര കനാലില്‍ നിന്നും ഒഴുക്കിവിടുന്ന വെളളത്തിന്റെ അളവ് കുറച്ചു

തൊടുപുഴ: മലങ്കര ഇടതുകര കനാലില്‍ ഒന്നര മീറ്റര്‍ ഉയരത്തിലായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ കനാലിലൂടെ വെള്ളം പുറത്തേക്കൊഴുക്കിയിരുന്നത്. ഇത് ഒരു മീറ്ററായാണ് കുറച്ചത്. വിവിധ മേഖലകളില്‍ മഴ ലഭിച്ച സാഹചര്യത്തിലാണ് കനാലിലൂടെയുള്ള വെള്ളത്തിന്റെ അളവു കുറച്ചത്. ഡിസംബര്‍ അവസാനമോ ജനുവരി ആദ്യവാരത്തോടെയോ ആയിരുന്നു പതിവായി കനാല്‍ തുറന്നിരുന്നത്.  കനാല്‍ കടന്നു പോകുന്ന മേഖലകളിലെ കടുത്ത ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ദിവസം തുറന്നത്. എന്നാല്‍ തുറന്നതിനു പിന്നാലെ തന്നെ മഴ ലഭിച്ചതോടെ കനാലിലെ നീരൊഴുക്ക് നിയന്ത്രിക്കേണ്ടിവന്നു.

പിറവം, പാമ്പാക്കുട, തിരുമാറാടി മേഖലകളില്‍ കാര്യമായ തോതില്‍ മഴ ലഭിക്കാത്തതിനാലാണ് കനാല്‍ തുറന്നു വിടാനുള്ള കാരണമെന്ന് എംവിഐപി അധികൃതര്‍ പറഞ്ഞു. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടതുകര കനാല്‍ പെരുമറ്റം, മണക്കാട്, പുറപ്പുഴ പ്രദേശങ്ങളിലൂടെ പിറവം, കൂത്താട്ടുകുളം ഭാഗത്തേക്കാണ് എത്തുന്നത്. ഈ മേഖലയില്‍ നെല്‍കൃഷി ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളെ വേനല്‍ ബാധിച്ചിരുന്നു. കൂടാതെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ വറ്റി വരളാനും തുടങ്ങിയിരുന്നു. അതിനാല്‍ കനാല്‍ തുറന്നു വിടണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു.വേനല്‍ കൂടുതല്‍ തീവ്രമായാല്‍ വലതു കനാലിലൂടെയും വെള്ളം കടത്തി വിടാനുള്ള ഒരുക്കങ്ങള്‍ അധികൃതര്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ മഴ വ്യാപകമായി ലഭിച്ചതോടെ വലതുകര കനാല്‍ തുറക്കേണ്ടി വരില്ലെന്നും അധികൃതര്‍ പറഞ്ഞു. മലങ്കര, തെക്കുംഭാഗം, കുമാരമംഗലം പ്രദേശങ്ങളിലൂടെ കോതമംഗലം ഉള്‍പ്പെടുന്ന 27 കിലോമീറ്റര്‍ ദൂരത്തേക്കാണ് വലതുകര കനാല്‍ എത്തുന്നത്. മലങ്കര അണക്കെട്ടില്‍ 39 മീറ്റര്‍ ജലനിരപ്പ് ഉയര്‍ത്തിയാലാണ് രണ്ടു കനാലിലൂടെയും വെള്ളം കടത്തി വിടാന്‍ കഴിയുകയുള്ളൂ. 42 മീറ്ററാണ് പരമാവധി സംഭരണശേഷി.

Related Articles

Back to top button
error: Content is protected !!