Thodupuzha

വെയർഹൗസ് റോഡിൽ നിർമിച്ചിരിക്കുന്ന കലുങ്ക് അശാസ്ത്രീയം.

 

തൊടുപുഴ ::  നഗരസഭ 6 -)o വാർഡിൽ വെയർ ഹൗസ് റോഡിന് സമീപം ഏതാണ്ട് ഇരുപതോളം വീടുകളിലേക്ക് പോകുന്ന വഴിയിൽ നിർമിച്ചിരിക്കുന്ന കലുങ്ക് തികച്ചും അശാസ്ത്രീയം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നഗരസഭ 8,75,000/- രൂപ അടങ്കൽ തുകയായി തയ്യാറാക്കിയിരിക്കുന്ന പദ്ധതിയാണിത്. ഐ സി കോളേജിന് സമീപത്തുള്ള റോഡിലേക്ക് പോകുന്ന ഓടക്ക് കുറുകെ നിർമിച്ചിരിക്കുന്ന കലുങ്ക് രണ്ട് റോഡുകളിൽ നിന്ന് രണ്ടടി ഉയരത്തിൽ ആണ് നിൽക്കുന്നത്. കലുങ്ക് നിർമാണത്തിന് മാത്രം 5,75,000/- രൂപ ചിലവഴിച്ചാണ് പണിതിരിക്കുന്നത്. ഇതിലെ വാഹനം കടന്നു പോകണമെങ്കിൽ റോഡിന്റെ ഉയരം കൂട്ടുകയോ കലുങ്ക് പൊളിച്ച് ഉയരം കുറച്ച് പണിയുകയോ മാർഗമുള്ളൂ. നിർമ്മാണം നടക്കുന്ന അവസരത്തിൽ സമീപവാസികളും കോൺട്രാക്ടറും ഇതിലെ അപാകതകൾ ചൂണ്ടികാണിച്ചെങ്കിലും എൻജിനീയറിംഗ് വിഭാഗത്തിന്റെ പിടിവാശിയാണ് ഇത്തരത്തിലുള്ള വീഴ്ച്ചക്കു കാരണമെന്ന് സ്ഥലം സന്ദർശിച്ച നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ. ദീപക് ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. എ. കരിം കൗൺസിലർ സനു കൃഷ്ണൻ എന്നിവർ കുറ്റപ്പെടുത്തി. സമീപത്തെ വീടുകളിലെ ഗയിറ്റുകൾ തുറക്കാൻ സാധിക്കാത്ത വിധത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സാമ്പത്തികമായി വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന നഗരസഭക്ക് ഇതിലൂടെ ഉണ്ടാകുന്ന ഭാരിച്ച സാമ്പത്തിക നഷ്ട്ടം ബന്ധപ്പെട്ട എൻജിനീയറിംഗ് വിഭാഗത്തിന്റെ പക്കൽ നിന്നും ഈടാക്കുകയും അടിയന്തരമായി കലുങ്ക് പൊളിച്ചുമാറ്റി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!