IdukkiLocal Live

വേനലില്‍ ദാഹിച്ച് വലഞ്ഞ് നാടും നഗരവും ;കിട്ടാക്കനിയായി ശുദ്ധജലം

തൊടുപുഴ : കത്തുന്ന വേനലില്‍ ജലക്ഷാമം കൂടി രൂക്ഷമായതോടെ പല പ്രദേശങ്ങളിലും ജനം വലയുകയാണ്. കിലോമീറ്ററുകള്‍ തലച്ചുമടായും പണം മുടക്കി വാഹനങ്ങളിലും വെള്ളം എത്തിച്ചാണ് പലയിടങ്ങളിലും ആളുകള്‍ ഓരോ ദിവസവും തള്ളിനീക്കുന്നത്. സ്വാഭാവിക ജലസ്രോതസുകള്‍ മിക്കതും വറ്റിയതും ശുദ്ധജല വിതരണ പദ്ധതികള്‍ പലതും കാര്യക്ഷമമല്ലാത്തതുമാണ് പ്രശ്നത്തിന് കാരണം. ജല അതോറിട്ടിയുടെ പൈപ്പുകളെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രദേശങ്ങളില്‍ പൈപ്പ് പൊട്ടിയും മറ്റും ജലവിതരണം തടസപ്പെടുന്നതു വലിയ പ്രതിസന്ധിയാണ്. ജലക്ഷാമം കാര്‍ഷിക മേഖലയിലും കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. വെള്ളമില്ലാതെ എങ്ങനെ കൃഷി മുന്നോട്ട് കൊണ്ടുപോകുമെന്നത് കര്‍ഷകര്‍ക്കു മുന്നില്‍ ചോദ്യ ചിഹ്നമാകുകയാണ്.

ലോ റേഞ്ചിലും കുടിവെള്ള ക്ഷാമം

ലോ റേഞ്ചിലും കുടിവെള്ള ക്ഷാമം രൂക്ഷമാണ്. മലയോര പ്രദേശങ്ങളില്‍ എല്ലാം ജലസ്രോതസുകള്‍ വറ്റി വരണ്ടു. ജല അതോറിറ്റിയുടെ കുടിവെളള വിതരണം പലപ്പോഴും ലഭ്യമല്ല. വാഹനങ്ങളിലും മറ്റും പണം നല്‍കിയാണ് ദുരെ സ്ഥലങ്ങളില്‍ നിന്ന് പലരും കുടിവെള്ളമെത്തിക്കുന്നത്.

മൂന്നാറില്‍ കിട്ടാക്കനിയായി ശുദ്ധജലം

വേനല്‍ കടുത്തതോടെ മൂന്നാര്‍ മേഖലയില്‍ ശുദ്ധജലക്ഷാമം കൂടുതല്‍ രൂക്ഷമായത് മൂന്നാര്‍ കോളനികള്‍, വട്ടവട, കുണ്ടള സാന്‍ഡോസ് എസ്.ടി കോളനി എന്നിവിടങ്ങളിലാണ്. മൂന്നാറിലെ വിവിധ കോളനികള്‍, ടൗണ്‍, ഇക്കാ നഗര്‍, പഴയ മൂന്നാര്‍, നല്ല തണ്ണി റോഡ് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ ജലവിതരണ വകുപ്പ് പൈപ്പുകള്‍ വഴി ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ജനവാസ മേഖലകളായ ഉയര്‍ന്ന പ്രദേശത്തെ വീടുകളില്‍ എസ്റ്റേറ്റുകളിലെ ചറിയ ഉറവിടങ്ങളില്‍ നിന്ന് പൈപ്പുകളിട്ടാണ് സ്വകാര്യ വ്യക്തികള്‍ ജലമെത്തിച്ച് കൊടുക്കുന്നത്. 400 മുതല്‍ 1000 രൂപ വരെയാണ് ഓരോ കുടുംബവും മാസം തോറും ജലമെത്തിക്കുന്നതിനായി നല്‍കുന്നത്.
വേനല്‍ കടുത്തതോടെ എസ്റ്റേറ്റുകളിലെ ഉറവിടങ്ങള്‍ വറ്റിവരളാന്‍ തുടങ്ങിയതിനാല്‍ കോളനികളില്‍ താമസിക്കുന്നവര്‍ക്ക് നിലവില്‍ വല്ലപ്പോഴും മാത്രമാണ് വെള്ളം ലഭിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന കുണ്ടള സാന്‍ഡോസ് കോളനിയില്‍ കിലോമീറ്ററുകള്‍ ദൂരത്തുള്ള വനത്തിലെ നീരുറവകളില്‍ നിന്നായിരുന്നു പൈപ്പ് വഴി ശുദ്ധജലമെത്തിച്ചിരുന്നത്. നീരുറവകള്‍ വറ്റിയതോടെ നാട്ടുകാര്‍ കുണ്ടള ഡാമില്‍ നിന്ന് തലച്ചുമടായാണ് വെള്ളം എത്തിക്കുന്നത്. വട്ടവട പഞ്ചായത്തിലെ കോവിലൂര്‍, ചിലന്തിയാര്‍, കൊട്ടാക്കമ്പൂര്‍ മേഖലകളിലും സമാനമായ അവസ്ഥയാണ്.

ജില്ലാ ആസ്ഥാനത്തും വെള്ളമില്ല

വേനല്‍ കടുത്തതോടെ ജില്ലാ ആസ്ഥാന മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ശുദ്ധജലക്ഷാമം രൂക്ഷമായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ മൈലപ്പുഴ, വിയറ്റ്നാം കോളനി, പഴയരിക്കണ്ടം കുരിശുപാറ, മഴുവടി തുടങ്ങിയ സ്ഥലങ്ങളില്‍ വേനല്‍ ആരംഭത്തില്‍ തന്നെ പ്രദേശവാസികള്‍ ശുദ്ധജലത്തിനായി നെട്ടോട്ടം ഓടിത്തുടങ്ങി. മരിയാപുരം പഞ്ചായത്തിലെ പല മേഖലകളിലും കിണറുകളും ജലസ്രോതസുകളും വറ്റി. ഉയര്‍ന്ന പ്രദേശങ്ങളിലാണ് സ്ഥിതിഗതികള്‍ രൂക്ഷം. വാത്തിക്കുടി പഞ്ചായത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരിക്കലും വറ്റാത്ത കിണറുകളും ഓലികളുമെല്ലാം കാലിയായി കഴിഞ്ഞെന്നു പ്രദേശവാസികള്‍ പറയുന്നു. വാഴത്തോപ്പ് പഞ്ചായത്തിലെ മുളകുവള്ളി, ഭൂമിയാംകുളം, മണിയാറന്‍കുടി, പെരുങ്കാല, പകിട്ടാന്‍ താന്നിക്കണ്ടം മേഖലകളും വറുതിയിലാണ്.

മറയൂര്‍ മല നിരകളിലും ജലക്ഷാമം

മറയൂര്‍ പഞ്ചായത്തിലെ പല വാര്‍ഡുകളിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്. മറയൂര്‍ മലനിരകളില്‍ വേനല്‍ക്കാലത്ത് പോലും നീരുറവകള്‍ പൂര്‍ണമായും വറ്റാറില്ല. എന്നിട്ടും ജലക്ഷാമം നേരിടുന്നതിനു കാരണം ജലനിധി പദ്ധതിയിലെ അശാസ്ത്രീയതയാണെന്ന് ആക്ഷേപമുണ്ട്. 2013- 14 കാലഘട്ടത്തില്‍ ജലനിധി പദ്ധതി വന്നതോടെയാണ് പല വാര്‍ഡുകളിലും ജലവിതരണം താറുമാറായത്. മുമ്പ് സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ വഴി പൈപ്പുകള്‍ സ്ഥാപിക്കുകയും തുടര്‍ന്നു ശുദ്ധജലം ലഭിക്കുകയും ചെയ്തിരുന്നു. ഇതില്‍നിന്ന് മാറ്റി ജലനിധി പദ്ധതിയില്‍ എട്ടര കോടിയോളം മുടക്കി നിര്‍മ്മാണം നടത്തിയ ശേഷമാണ് പ്രശ്നം രൂക്ഷമായത്. അശാസ്ത്രീയമായ പൈപ്പിടല്‍, സംഭരണ ശേഷി കുറഞ്ഞ ജലസംഭരണി എന്നിവയൊക്കെയാണ് ജലക്ഷാമത്തിന് കാരണമായി പറയുന്നത്. മാസംതോറും പണപ്പിരിവ് മുടങ്ങാതെ നടക്കുന്നുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് പൈപ്പിലൂടെ ശുദ്ധജലം എത്തുന്നത്. ജലജീവന്‍ പദ്ധതി ഇപ്പോള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ഇതും എത്രത്തോളം പരിഹാരമാകുമെന്ന് പറയാനാകാത്ത സ്ഥിതിയാണ്.

ജലമില്ലാതെ തേക്കടിയും

വേനല്‍ കടുത്തതോടെ കുമളി പഞ്ചായത്തിലെ പല പ്രദേശങ്ങളിലും ശുദ്ധജലക്ഷാമം രൂക്ഷമായി. ജലജീവന്‍ പദ്ധതിയില്‍ പൈപ്പുകള്‍ സ്ഥാപിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും പ്രദേശങ്ങളില്‍ അവ വെറും നോക്കുകുത്തികളായി. പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഉള്‍പ്പെട്ട അമാവാസിമേട്ടില്‍ ജലക്ഷാമം രൂക്ഷമാണ്. കൂലിപ്പണിക്ക് പോകുന്ന സാധാരണക്കാരായ ജനങ്ങള്‍ കൂടുതലായി പാര്‍ക്കുന്ന മേഖലയിലെ ജലക്ഷാമം പരിഹരിക്കാന്‍ ശാശ്വതമായ ഒരു പരിഹാരവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഭൂമി വാങ്ങി നല്‍കിയാല്‍ ജല അതോറിട്ടി ഉടന്‍ ടാങ്ക് നിര്‍മ്മിച്ച് വെള്ളം നല്‍കും എന്ന വാഗ്ദാനവുമായി ഒരു വര്‍ഷം മുമ്പ് ഓരോ കുടുംബത്തില്‍ നിന്നും ആയിരം രൂപ വീതം പിരിവെടുത്തെങ്കിലും ഇതുവരെ ടാങ്ക് നിര്‍മ്മാണം നടന്നില്ല. അമരാവതി വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് കോക്കാട്ടുമേട്. ഇവിടെയുള്ള മുപ്പതിലധികം വീട്ടുകാര്‍ വെള്ളത്തിനായി ഏറെ ബുദ്ധിമുട്ടുകയാണ്. മൂന്ന് മാസം മുമ്പ് ജലജീവന്‍ പദ്ധതിയുടെ ഭാഗമായി ജല അതോറിട്ടി എല്ലാ വീടുകളിലും ഹൗസ് കണക്ഷനുകള്‍ എത്തിച്ചിരുന്നു. അതോടെ ശുദ്ധജലത്തിനായുള്ള തങ്ങളുടെ ദുരിതം അവസാനിച്ചു എന്നാണ് പ്രദേശവാസികള്‍ കരുതിയത്. എന്നാല്‍ പൈപ്പില്‍ വെള്ളം എത്തുന്നതും കാത്തിരിക്കാനാണ് ഇവരുടെ വിധി. കോക്കാട്ടുമേട്ടില്‍ കണക്ഷനുകള്‍ നല്‍കി ഒരു മാസത്തിനു ശേഷം കണക്ഷന്‍ ലഭിച്ച സമീപപ്രദേശമായ കാരക്കണ്ടത്ത് വെള്ളം എത്തുന്നുണ്ട്. വാല്‍വ് മാറ്റി സ്ഥാപിക്കുന്നതിന്റെ പേരിലുള്ള കാലതാമസമാണ് കോക്കാട്ടുമേട്ടില്‍ വെള്ളം എത്താന്‍ തടസമായി ജല അതോറിട്ടി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

പൈപ്പ് മാറ്റിയാല്‍ പ്രശ്നം തീരും

18 വര്‍ഷങ്ങളായി പാമ്പാടുംപാറ പഞ്ചായത്തിലെ 2, 3 വാര്‍ഡുകളില്‍ ഉള്‍പ്പെട്ട നൂറിലധികം കുടുംബങ്ങളുടെ ആശ്രയമായിരുന്നു ഗാന്ധിനഗര്‍ ശുദ്ധജല പദ്ധതി. എന്നാല്‍ മൂന്ന് വര്‍ഷം മുമ്പ് പ്രധാന പൈപ്പുകള്‍ നശിച്ചു പോയതോടെ പ്രദേശവാസികളുടെ കുടിനീര്‍ നിലച്ചു. പദ്ധതിയുടെ ഭാഗമായ കുളത്തില്‍ സുലഭമായി ശുദ്ധജലമുണ്ട്. പമ്പ് സെറ്റുകളും ടാങ്കും ഇപ്പോഴും പൂര്‍ണസജ്ജവുമാണ്. നശിച്ചുപോയ പ്രധാന പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തിയാല്‍ ഗാന്ധിനഗര്‍, പത്തിനിപ്പാറ, കുളമാങ്കൂട്ടം കോളനി തുടങ്ങിയ മേഖലകളിലെ ജനങ്ങള്‍ക്ക് ഇനിയും പദ്ധതിയുടെ പ്രയോജനം ലഭിക്കും.

 

Related Articles

Back to top button
error: Content is protected !!