National

രാജ്യം വികസനപാതയില്‍ : രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പാര്‍ലമെന്റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി

ന്യൂഡല്‍ഹി : രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പാര്‍ലമെന്റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ കീര്‍ത്തി ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനായി എന്നും രാജ്യത്ത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം യാഥാര്‍ത്ഥ്യമായെന്നും ദ്രൗപതി മുര്‍മു പറഞ്ഞു. ഡിഫന്‍സ് കോറിഡോര്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഇതെല്ലാം നേട്ടങ്ങളാണ്. സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യ വികസന സൗഹൃദ രാജ്യമാണെന് വിദേശ രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ ഗ്രാമങ്ങളില്‍ പോലും തിളങ്ങുകയാണ്. യുപിഐ ഇടപാടുകള്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുന്നു. ബാങ്കിംഗ് മേഖലയ്ക്ക് വലിയ ഉണര്‍വ് നല്‍കിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനവും റെക്കോര്‍ഡിട്ടു. ദേശീയപാതകളുടേതടക്കം വികസനം റെക്കോര്‍ഡ് വേഗത്തിലാണ്. റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം ഗണ്യമായി കൂടി. ഗ്യാസ് പൈപ്പ് ലൈന്‍, ഒപ്റ്റിക്കല്‍ ഫൈബര്‍ ഇതെല്ലാം വികസന നേട്ടങ്ങളാണെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

വന്ദേഭാരത് ട്രെയിനുകള്‍ റയില്‍വേ വികസനത്തിന്റെ പുതിയ ഉദാഹരണമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു. 39 ഭാരത് ട്രെയിനുകള്‍ വിവിധ റൂട്ടുകളില്‍ ഓടുന്നുണ്ട്. 1300 റയില്‍വേ സ്റ്റേഷനുകള്‍ നവീകരിച്ചു. നികുതിഭാരം ഒഴിവാക്കാനും സര്‍ക്കാര്‍ മികച്ച ഇടപെടലുകള്‍ നടത്തി. രണ്ടര ലക്ഷം കോടി ഗ്യാസ് കണക്ഷന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കി. സൗജന്യ ഡയാലിസിസ് പദ്ധതി നിരവധി പേര്‍ക്ക് ആശ്വാസമായി. പാവപ്പെട്ടവര്‍ക്ക് പോലും വിമാന സര്‍വീസുകള്‍ പ്രാപ്യമാക്കി. സ്ത്രീകളെ സാമ്പത്തികമായും ശാക്തീകരിച്ചു. സ്വയം സഹായ സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. പത്ത് കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളിലൂടെ ശാക്തീകരിക്കപ്പെട്ടു. പി എം കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ രണ്ട് ലക്ഷം കോടിയിലേറെ രൂപ അനുവദിച്ചുവെന്നും ദ്രൗപതി മുര്‍മു പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!