Local LiveMuttom

മലങ്കര അണക്കെട്ടിനോട് അനുബന്ധിച്ചുള്ള കനാലിലൂടെ വെള്ളം കടത്തി വിടണമെന്നുള്ള ആവശ്യം ശക്തമാകുന്നു

മുട്ടം: മലങ്കര അണക്കെട്ടിനോട് അനുബന്ധിച്ചുള്ള കനാലിലൂടെ വെള്ളം കടത്തി വിടണമെന്നുള്ള ആവശ്യം ശക്തമാകുന്നു. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്ന അവസ്ഥ തുടരുന്നതിനാല്‍ കനാലിലൂടെ വെള്ളം കടത്തി വിടാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്.
മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിന്ന് പുറം തള്ളുന്നതും പ്രദേശത്തേക്ക് സ്വാഭാവികമായി ഒഴുകി എത്തുന്നതുമായ വെള്ളത്തിന്റെ തോതിനെ ആശ്രയിച്ചാണ് മലങ്കര അണക്കെട്ടിലെ ജലലഭ്യത. എന്നാല്‍ വേനല്‍ കനത്തതോടെ ഒരു മാസം മുന്‍പ് മുതല്‍ മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉത്പാദനം ഗണ്യമായി കുറച്ചിരിക്കുകയാണ്. വേനല്‍ കനത്തതോടെ സ്വാഭാവിക നീരോഴുക്കും പൂര്‍ണ്ണമായും നിലക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് മലങ്കര അണക്കെട്ടില്‍ ഏതാനും ആഴ്ച്ചകളായി ജല നിരപ്പ് 36 മീറ്ററായി തുടരുകയാണ്. ജലനിരപ്പ് 39 മീറ്ററായി ഉയരുന്ന അവസ്ഥയില്‍ മാത്രമാണ് അണക്കെട്ടില്‍ നിന്നുള്ള ഇടത്-വലത് കനാലുകളിലൂടെ വെള്ളം കടത്തി വിടാന്‍ കഴിയുകയുള്ളു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മൂലമറ്റം വൈദ്യുതി നിലയത്തിലെ ജനറേറ്റര്‍ കത്തിപ്പോയത് പ്രവര്‍ത്തന സജ്ജമാകാന്‍ ദിവസങ്ങള്‍ വേണ്ടി വരും എന്നാണ് വിവരം.

മുന്‍ വര്‍ഷങ്ങളില്‍ ഡിസംബര്‍ പതിനാറാം തീയതിയോടെ രണ്ട് കനാലിലൂടെയും വെള്ളം കടത്തി വിട്ടിരുന്നു. എന്നാല്‍ ജനുവരി ആകാറായിട്ടും കനാലിലൂടെ വെള്ളം കടത്തി വിടാന്‍ കഴിഞ്ഞിട്ടുമില്ല. ഇടത് കനാല്‍ മണക്കാട്, പാലക്കുഴ, കൂത്താട്ടുകുളം ഭാഗത്തേക്കും വലത് കനാല്‍ ഇടവെട്ടി, കുമാരമംഗലം – കോതമംഗലം ഭാഗത്തേക്കുമാണ് കടന്ന് പോകുന്നത്. കനാല്‍ കടന്ന് പോകുന്ന വിവിധ തദ്ദേശ സ്ഥാപന പ്രദേശങ്ങളിലെ കുടിവെള്ളം – കാര്‍ഷിക – വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മലങ്കര അണക്കെട്ടില്‍ നിന്ന് രണ്ട് കനാലുകള്‍ സ്ഥാപിച്ച് വെള്ളം എത്തിക്കുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതേ തുടര്‍ന്ന് പ്രദേശങ്ങളിലെ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചിരുന്നതും.
വേനല്‍ കനത്തതോടെ പ്രദേശങ്ങളിലെ കുടി വെള്ള സ്രോതസുകള്‍ വറ്റി വരളുന്ന അവസ്ഥയാണ്. കൂടാതെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും ജല ലഭ്യത ഇല്ലാതെ ജനങ്ങള്‍ നെട്ടോട്ടം ഓടുന്ന അവസ്ഥയുമാണ്. ജലദൗര്‍ലഭ്യത പ്രശ്‌നം പരിഹരിക്കാന്‍ പ്രദേശത്തെ തദ്ദേശ സ്ഥാപന ജന പ്രതിനിധികളും, പ്രദേശവാസികളും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, കനാല്‍ കടന്ന് പോകുന്ന പ്രദേശങ്ങളിലെ എംഎല്‍എ, എം പി, കളക്ടര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ്.

Related Articles

Back to top button
error: Content is protected !!