ChuttuvattomCrimeThodupuzha

ഭിന്നശേഷിക്കാരനെ ഷെഡിലെ കൂട്ടിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി

തൊടുപുഴ: ഭിന്നശേഷിക്കാരനായ കൗമാരക്കാരനെ നഗ്‌നനാക്കി വീടിന് സമീപത്തെ ഷെഡിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി മേഖലയായ മേത്തൊട്ടിയിലാണ് ഓട്ടിസം ബാധിച്ച 18 കാരനെ നഗ്‌നനാക്കി മൺതറയിൽ പൂട്ടിയിട്ടത്. അടുക്കള മാലിന്യം ഒഴുകുന്നതിന് സമീപം പടുത കെട്ടിയ ഷെഡിൽ മണ്ണിലാണ് ദിവസങ്ങളായി കൗമാരക്കാരനെ രക്ഷിതാക്കൾ പാർപ്പിച്ചിരുന്നത്. ഭക്ഷണം കൊടുക്കുന്ന പാത്രങ്ങളടക്കം ചെളിയിൽ പൂണ്ട നിലയിലായിരുന്നു.

ചൊവ്വാഴ്ച രാവിലെ വീട്ടിലെത്തിയ വെള്ളിയാമറ്റം പഞ്ചായത്തിലെ പാലിയേറ്റീവ് കെയർ ജീവനക്കാരാണ് ശാരീരികമായി ശോഷിച്ച നിലയിൽ ഷെഡിനകത്ത് നരക യാതന അനുഭവിക്കുന്ന 18കാരനെ കണ്ടെത്തിയത്. ഉടൻ തന്നെ വെള്ളിയാമറ്റം പഞ്ചായത്ത് ഭരണ സമിതിയേയും ആരോഗ്യ വകുപ്പധികൃതരെയും വിവരമറിയിച്ചു. അപ്പോൾ തന്നെ കാഞ്ഞാർ സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും പൊലീസ് സ്ഥലത്തേക്കെത്തിയില്ല. തുടർന്ന് ഹെൽപ്പ് ലൈൻ നമ്പരായ 112ൽ വിളിച്ചറിയിച്ചു. ഇതിന് ശേഷമാണ് പൊലീസ് സ്ഥലത്തേക്ക് വരാൻ തയ്യാറായത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെയും പാലിയേറ്റീവ് കെയറിലേയും ഡോക്ടർമാരുൾപ്പെടെയുള്ള മെഡിക്കൽ സംഘവും മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ ഷെഡിനുള്ളിൽ പ്രവേശിച്ചപ്പോൾ കൗമാരക്കാരൻ തളർന്ന് നിലത്ത് കിടക്കുന്ന അവസ്ഥയിലായിരുന്നു.

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം രക്ഷിതാക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ തൊടുപുഴയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഏറെ സമയം കാത്ത് നിന്നെങ്കിലും വരാൻ തയ്യാറായില്ല. തുടർന്ന് പൊലീസ് ബന്ധപ്പെട്ടതിന് ശേഷമാണ് മാതാപിതാക്കൾ വീട്ടിലെക്കെത്തിയത്. പൂമാലയിലെ പട്ടിക വർഗ വികസന വകുപ്പ് അധികൃതരെയും ഇവിടേക്ക് വിളിച്ച് വരുത്തിയിരുന്നു. തുടർന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അവശനായ കൗമാരക്കാരനെ രക്ഷിതാക്കളോടൊപ്പം തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീടിനുള്ളിൽ മലമൂത്ര വിസർജ്ജനം നടത്തുകയും ദുർഗന്ധം വമിക്കുകയും ചെയ്തതിനാൽ പ്രത്യേകം ഷെഡിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഭവം ചൈൽഡ് ലൈൻ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും 18 വയസ് കഴിഞ്ഞയാളായതിനാൽ വിവരം സാമൂഹിക നീതി വകുപ്പിന് കൈമാറിയതായി പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!