Idukki

തെരഞ്ഞെടുപ്പ് ദിവസവും തലേന്നും നല്‍കുന്ന പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

ഇടുക്കി : തെരഞ്ഞെടുപ്പ് ദിവസവും (ഏപ്രില്‍ 26) തലേന്നും (ഏപ്രില്‍ 25) സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ദിനപത്രങ്ങള്‍ അടക്കമുള്ള അച്ചടി മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (എംസിഎംസി)യുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മെമ്പര്‍ സെക്രട്ടറിയുമായ എംസിഎംസി ജില്ലാതല കമ്മിറ്റിയാണ് ഇടുക്കി ലോക്‌സഭാമണ്ഡലത്തിലെ പ്രീ സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കുന്നതും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും.

അപേക്ഷ നല്‍കി 24 മണിക്കൂറിനകം സര്‍ട്ടിഫിക്കേഷന്‍ നല്‍കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്ലിലാണ് അപേക്ഷ നല്‍കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന പരസ്യത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ടു കോപ്പി സഹിതമാണ് നിര്‍ദിഷ്ടമാതൃകയില്‍ അപേക്ഷ നല്‍കേണ്ടത്. പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്ന തിയതിക്കു രണ്ടുദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കിയിരിക്കണം.സംസ്ഥാന/ജില്ലാ തല എംസിഎംസി സമിതിയുടെ പ്രീസര്‍ട്ടിഫിക്കേഷനില്ലാതെ വോട്ടെടുപ്പുദിവസമോ തലേന്നോ രാഷ്ട്രീയപാര്‍ട്ടികളോ, സ്ഥാനാര്‍ത്ഥികളോ, വ്യക്തികളോ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്റെ കര്‍ശന നിര്‍ദേശമുണ്ട്.

തെറ്റിധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ചത് മുന്‍കാലങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങള്‍ കാരണം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുന്‍കൂര്‍ അനുമതി ആവശ്യപ്പെടുന്നത്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കാലയളവിലുടനീളം എംസിഎംസിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : നോഡല്‍ ഓഫീസര്‍- എംസിഎംസി & ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, കളക്ടറേറ്റ്, ഇടുക്കി ഫോണ്‍ : 04862 233036.

 

Related Articles

Back to top button
error: Content is protected !!