Thodupuzha

പ്രകൃതി ദുരന്തത്തില്‍ പരുക്കേറ്റവരുടെ   ചികിത്സാചിലവ് സര്‍ക്കാര്‍ വഹിക്കണം: ഡീന്‍ കുര്യാക്കോസ്

തൊടുപുഴ: ജില്ലയില്‍ കൊക്കയാര്‍ പഞ്ചായത്തിലുള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളില്‍ പരുക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രിയിലെയുള്‍പ്പെടെ മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കണമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസത്തെ പ്രകൃതി ദുരന്തങ്ങളില്‍ 11 പേര്‍ മരണപ്പെടുകയും ഒരാളെ ഇനിയും കണ്ടുകിട്ടാനുമുണ്ട്. നിരവധി ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും 200 വീടുകള്‍ പൂര്‍ണമായും 400 വീടുകള്‍ ഭാഗികമായും നഷ്ടപ്പെടുകയും 160 ഹെക്ടറോളം ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. 50 ശതമാനത്തില്‍ താഴെ പരുക്കേറ്റവര്‍ക്ക് 50000 രൂപയും 50 ശതമാനത്തിന് മുകളില്‍ പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപയുമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ തുക പ്രഖ്യാപിച്ചിരിക്കുന്നത് തന്നെ അപകടമുണ്ടായി രണ്ട് ദിവസത്തിന് ശേഷം ആണ്. എന്നാല്‍ പരുക്കേറ്റ് ജീവരക്ഷാര്‍ഥം അടിയന്തര ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രി ഉള്‍പ്പെടെയുള്ള സൗകര്യം നേടിയിട്ടുള്ളവര്‍ നിരവധിയാണ്. അവര്‍ക്ക് ഈ തുക പര്യാപ്തമല്ല. പരുക്കേറ്റ് ചികിത്സയില്‍ മരിച്ചവരുടെ കാര്യവും സര്‍ക്കാര്‍ ഒന്നും പറയുന്നില്ല. ഈ സാഹചര്യത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഉള്‍പ്പെടെ ചികിത്സയില്‍ ഉള്ള മുഴുവന്‍ ആളുകള്‍ക്കും മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ അനുവദിക്കണമെന്നും വീട് നഷ്ടപ്പെട്ടവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും ഉള്‍പ്പെടെ അടിയന്തരമായി പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം.പി. മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

Related Articles

Back to top button
error: Content is protected !!