ChuttuvattomCrimeThodupuzha

പ്രാര്‍ഥനയ്‌ക്കെത്തിയ വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു; മോഷ്ടാവ് പിടിയില്‍

തൊടുപുഴ: പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വീട്ടമ്മയുടെ സ്വര്‍ണമാല കവര്‍ന്ന മോഷ്ടാവ് പിടിയില്‍. പെരുമ്പാവൂര്‍ സൗത്ത് പുല്ലുവഴി തൊമ്പ്രയില്‍ അനില്‍ മത്തായി (46) ആണ് അറസ്റ്റിലായത്. മൈലക്കൊമ്പ് പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് വന്ന സ്ത്രീയുടെ ബാഗില്‍ സൂക്ഷിച്ച ഒന്നേകാല്‍ പവന്‍ തൂക്കമുള്ള മാലയാണ് ഇയാള്‍ കവര്‍ന്നത്. ആരാധാനാലയങ്ങളില്‍ ഉള്‍പ്പെടെ നടന്ന ഒട്ടേറെ മോഷണക്കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
കാപ്പ ചുമത്തി ജയിലിലടച്ചിരുന്ന പ്രതി പുറത്തിറങ്ങിയ ശേഷമാണ് വീണ്ടും കവര്‍ച്ച നടത്തിയത്. ജൂണ്‍ 25-നാണ് മൂവാറ്റുപുഴയില്‍ നിന്നും ഓട്ടോ വിളിച്ച് ഇയാള്‍ മോഷണത്തിനായി തൊടുപുഴയിലെത്തിയത്. ഇതേ ദിവസം കാളിയാര്‍, ആരക്കുഴ, വാഴക്കുളം, നെടിയശാല, അരിക്കുഴ പള്ളികളില്‍ നിന്നും പണവും സ്വര്‍ണ ലോക്കറ്റും മോഷണം നടത്തിയിരുന്നു. ഈര്‍ക്കിലില്‍ ബബിള്‍ഗം തേച്ചു പിടിപ്പിച്ച് കാണിക്കവഞ്ചിയില്‍ നിന്നും പണം കവരുകയായിരുന്നു രീതി. കാണിക്കവഞ്ചി പൊളിക്കാത്തതിനാല്‍ പള്ളി അധികൃതര്‍ മോഷണ വിവരം അറിഞ്ഞിരുന്നില്ല. ഇതു മുതലെടുത്താണ് പ്രതി ഇതേ രീതി ഉപയോഗിച്ച് മോഷണം നടത്തിയത്. മൈലക്കൊമ്പ് പള്ളിയില്‍ വീട്ടമ്മയുടെ മാല മോഷ്ടിച്ചതിനു ശേഷം ഓട്ടോയില്‍ മടങ്ങിയ പ്രതി ഓട്ടോക്കൂലി നല്‍കാതെ മുങ്ങുകയായിരുന്നു. മോഷണം നടത്തിയ മാല മൂവാറ്റുപുഴയിലെ സ്ഥാപനത്തില്‍ വിറ്റിരുന്നു. ഇത് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഒരു മാസത്തോളമായി പോലീസ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് വയനാട്ടില്‍ നിന്നും കുറുപ്പംപടിയില്‍ എത്തിയ ഇയാളെ കുറുപ്പുംപടി പോലീസിന്റെ സഹായത്തോടെ തൊടുപുഴ സിഐ സുമേഷ് സുധാകരന്‍, ഡിവൈഎസ്പി സ്‌ക്വാഡ് അംഗങ്ങളായ ഷംസുദ്ദീന്‍, ഉണ്ണികൃഷ്ണന്‍, ഹരീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടി കൂടിയത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൂടുതല്‍ മോഷണ വിവരങ്ങള്‍ പുറത്തു വന്നത്. 2018-ല്‍ കരിങ്കുന്നം പള്ളിയില്‍ നിന്നും 85000 രൂപ മോഷ്ടിച്ച കേസിലും ഇയാള്‍ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ നടത്തിയ വിവിധ മോഷണങ്ങളുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കുമെന്ന് ഡിവൈഎസ്പി എം.ആര്‍.മധുബാബു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!