IdukkiLocal Live

പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം, ഇടുക്കി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സമരം ആറാം ദിവസത്തില്‍

ഇടുക്കി : പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന രാപ്പകല്‍ സമരം ആറം ദിവസത്തിലേക്ക് കടന്നു. പ്രശ്‌നങ്ങള്‍ പരഹരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ജില്ലാ കളക്ടറുമായി ഇന്ന് നടക്കുന്ന ചര്‍ച്ചയിലും തീരുമാനമുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

ഇടുക്കി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് രണ്ടാം വര്‍ഷ ക്ലാസ് തുടങ്ങി അഞ്ചു മാസം കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ ലാബ് കണ്ടിട്ടു പോലുമില്ല. ഓപ്പറേഷന്‍ തിയറ്റര്‍ ഇല്ലാത്തതിനാല്‍ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കുന്നതും പഠനത്തിന് തടസ്സമാണ്. ഹോസ്റ്റലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലാണ് പെണ്‍കുട്ടികള്‍ താമസിക്കുന്നത്. പുതിയതായി 100 കുട്ടികള്‍ കൂടി എത്തുമ്പോള്‍ വീണ്ടും താമസ സൗകര്യമില്ലാതാകും. പഠിക്കുന്നതിന് 50 പേര്‍ക്കുള്ള ഒരു ലക്ചറര്‍ ഹാള്‍ മാത്രമാണുള്ളത്.

പ്രശ്‌നം പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും വിദ്യാത്ഥികളെ നേരിട്ട് കാണാന്‍ തയ്യാറായില്ല. പ്രൈവറ്റ് സെക്രട്ടറിയെയും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെയും കാര്യങ്ങള്‍ ധരിപ്പിച്ച് മടങ്ങേണ്ടി വന്നു. മുമ്പ് സമരം നടത്തിയപ്പോള്‍ ഒത്തുതീര്‍പ്പിനായി പറഞ്ഞ കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തതെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അതേസമയം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകാന്‍ കാരണം ഏറ്റെടുത്ത് നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോയുടെ അലംഭാവമാണെന്നാണ് ആരോപണം. 150 കോടിയിലധികം രൂപ കിറ്റ്‌കോയ്ക്ക് കൈമാറിയിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടാണ് ജോലികള്‍ വൈകിപ്പിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!