Idukki

ദി കേരള സ്റ്റോറി പ്രദര്‍ശനം : അനാവശ്യ വിവാദം എന്തിനെന്ന് ഇടുക്കി രൂപത

ഇടുക്കി : സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി രാജ്യമാകമാനം തിയേറ്റര്‍ പ്രദര്‍ശനം നടത്തുകയും ഒടിടിയില്‍ ലഭ്യമാകുകയും തുടര്‍ന്നു രാജ്യത്തിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ പ്രക്ഷേപണം നടത്തുകയും ചെയ്ത കേരള സ്റ്റോറി എന്ന സിനിമ വിശ്വാസപരിശീലനത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചു എന്നതില്‍ എന്താണ് തെറ്റെന്ന് ഇടുക്കി രൂപത. ഇതിനെതിരേ വാളോങ്ങുന്ന മാധ്യമങ്ങള്‍, കക്കുകളി എന്ന നാടകം അവതരിപ്പിച്ച് ക്രൈസ്തവ സന്യാസത്തെ പരസ്യമായി അവഹേളിച്ചപ്പോള്‍ നിശബ്ദരായിരുന്നുവെന്നും രൂപതാ വക്താവ് ചൂണ്ടിക്കാട്ടി. ഇടുക്കി രൂപത മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും അവധിക്കാലത്ത് നടത്തുന്ന വിശ്വാസോത്സവത്തിന്റെ ഭാഗമായി ഈ വര്‍ഷം 10, 11, 12 ക്ലാസുകളില്‍ കുട്ടികള്‍ക്കായി തയാറാക്കിയ പാഠ്യ പുസ്തകത്തിന്റെ പ്രമേയ വിഷയം പ്രണയമായിരുന്നു. ഇത്തരമൊരു വിഷയം അവതരിപ്പിക്കാനുള്ള കാരണം സമീപകാലത്ത് നിരവധി കൗമാരക്കാര്‍ പ്രണയചതിയില്‍ വീണുപോവുകയും ഭാവി നശിക്കുകയും കുട്ടികളും കുടുംബങ്ങളും വലിയ സാമൂഹിക-മാനസിക സമ്മര്‍ദത്തില്‍ ആവുകയും ചെയ്യുന്ന സ്ഥിതി വിശേഷം നാട്ടില്‍ ഉണ്ട് എന്നതിനാലാണ്.

പ്രണയച്ചതികളെക്കുറിച്ചും കുരുക്കുകളെക്കുറിച്ചും കുട്ടികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സഭാമക്കളെ ഉദ്‌ബോധിപ്പിക്കേണ്ടത് സഭയുടെ കടമയായി കണ്ടാണ് പ്രാധാന്യമുള്ള ഈ ആനുകാലിക വിഷയം തെരഞ്ഞെടുത്ത് കുട്ടികളുടെ മുമ്പില്‍ അവതരിപ്പിച്ചത്. അതിന്റെ ഭാഗമായി നല്‍കിയ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നായി കേരള സ്റ്റോറി എന്ന സിനിമ കണ്ട് നിരൂപണം തയാറാക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതാണ് പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കിയിരിക്കുന്നത്. പ്രണയിച്ച് വിവാഹം കഴിച്ചശേഷം പെണ്‍കുട്ടികളെ തീവ്രവാദം ഉള്‍പ്പെടെയുള്ള മറ്റ് പല കാര്യങ്ങള്‍ക്കും ഉപയോഗിക്കുമ്പോള്‍ അതിനെ പ്രണയച്ചതിയെന്നും പ്രണയക്കുരുക്കെന്നുമല്ലാതെ എങ്ങനെയാണ് വിശേഷിപ്പിക്കേണ്ടത്.

ഇത്തരം ചതിക്കുഴികളില്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വീണുപോകാതിരിക്കാന്‍ വേണ്ടിയുള്ള സഭയുടെ ജാഗ്രതയുടെ പ്രകടനമാണ് ഇടുക്കി രൂപത പുറത്തിറക്കിയ സുവിശേഷോത്സവ് പാഠപുസ്തകം. ഇത്തരം ചതിക്കുഴികള്‍ നാട്ടില്‍ ഉണ്ട് എന്നതിന് ആര്‍ക്കാണ് സംശയമുള്ളത്. രൂപത പുറത്തിറക്കിയ പാഠപുസ്തകത്തില്‍ ഒരു സമുദായത്തെയോ മതത്തെയോ വിശ്വാസസംഹിതയെയോ കുറ്റപ്പെടുത്തുകയോ വിമര്‍ശിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ല. മറിച്ച് നാട്ടില്‍ പ്രണയച്ചതി ഉണ്ട്, നമ്മള്‍ അതില്‍ ജാഗ്രത പുലര്‍ത്തണം എന്ന ബോധവത്കരണം മാത്രമാണ് നടത്തിയത്.ഇത് സഭയുടെ ഉത്തരവാദിത്വവും കടമയുമാണ്. പ്രണയക്കുരുക്കിനെക്കുറിച്ച് കേരളസമൂഹത്തില്‍ ആദ്യമായി നിലപാടറിയിച്ചത് മുന്‍ ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലായിരുന്നു. പുതു തലമുറയെ വിശ്വാസവും ധാര്‍മികതയും പഠിപ്പിക്കാന്‍ നൂതന മാര്‍ഗങ്ങള്‍ കാലഘട്ടത്തിനനുസരിച്ച് ഇനിയും ഉപയോഗിക്കുമെന്നും രൂപതാ വക്താവ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!