KarimannurLocal Live

കൊടും ചൂടില്‍ തളര്‍ന്ന് ക്ഷീര മേഖല ; പാല്‍ ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞു

കരിമണ്ണൂര്‍ : കൊടും ചൂട് ക്ഷീര കര്‍ഷകരെയും സാരമായി ബാധിച്ചു. ആധൂനിക രീതിയില്‍ ഫാം നടത്തുന്നവരും തൊഴുത്തില്‍ രണ്ടോ-മൂന്നോ പശുക്കളെ വളര്‍ത്തി ഉപജീവനം നടത്തുന്നവരും വേനല്‍ ചൂടില്‍ പ്രതിസന്ധിയിലാണ്. മില്‍മ ബൂത്തുകളിലും പാല്‍ അളവില്‍ ഗണ്യമായ കുറവാണുണ്ടാകുന്നത്. കരിമണ്ണൂരിലെ കാരക്കുന്നേല്‍ സാബുവിന്റെ വീടിനോട് ചേര്‍ന്ന ആധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചിട്ടുള്ള തൊഴുത്തില്‍ 50 പശുക്കളാണുള്ളത്. ശരാശരി 300 ലിറ്റര്‍ പാല്‍വരെ ദിവസേന വില്‍പ്പന നടത്തിയിരുന്നു. വേനല്‍ ചൂടില്‍ 75 ലിറ്ററിലധികം കുറവാണുണ്ടാകുന്നത്. സാബുവിന്റെ മകന്‍ ബിസിഎ വിദ്യാര്‍ത്ഥി അലന്‍ സാബുവാണ് ഇപ്പോഴത്തെ നടത്തിപ്പുകാരന്‍. പശുക്കള്‍ക്ക് ഇപ്പോഴത്തെ ഇഷ്ട ആഹാരം കന്നാര കാനിയാണ്. ഒരു പിക്-അപ്പ് വാനിലെത്തുന്ന നൂറ് കെട്ട് കാനിക്ക് 4000 രൂപയാണ് വില. മുമ്പ് ഇതിന് 30 രൂപയായിരുന്നു. വേനല്‍ ചൂടില്‍ പച്ചപ്പ് നഷ്ടപ്പെടുന്നതിനാല്‍ പശുക്കള്‍ കന്നാര കാനി പഴയതുപോലെ കഴിക്കുന്നില്ല. വെയിലിന്റെ ചൂടേറ്റ് കിതയ്ക്കുന്ന പശുക്കള്‍ക്ക് ആവശ്യത്തിന് വെള്ളം നല്‍കുന്നതിനു പുറമെ തൊഴുത്തില്‍ ഫാനും പിടിപ്പിച്ചിട്ടുണ്ട്. ഇരുപത് വര്‍ഷത്തിലേറെയായി പശുക്കളെ വളര്‍ത്തുന്ന സാബുവിന് ഇപ്പോഴത്തെ വരവും ചിലവും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന അഭിപ്രായമാണുള്ളത്.

കരിമണ്ണൂര്‍ പാഴൂക്കര ഭാഗത്ത് താമസക്കാരായ പുതുപ്പള്ളില്‍ കുമാരിയും താഴത്തേടത്ത് ഉഷയും വിധവകളാണ്. ഇരുവരുടെയും വീടിനു സമീപത്തെ തൊഴുത്തില്‍ രണ്ടുവീതം കറവപ്പശുക്കാളാണുള്ളത്. രണ്ടു കുടുംബങ്ങളും ജീവിക്കുന്നത് പാല്‍വിറ്റ് കിട്ടുന്ന വരുമാനം ഒന്നുകൊണ്ട് മാത്രം. 64വയസുള്ള കുമാരി 30വര്‍ഷവും ഉഷ ഇരുപത് വര്‍ഷവുമായി പശുവളര്‍ത്തി ജീവിക്കാന്‍ തുടങ്ങിയിട്ട്. വേനലില്‍ പാല്‍ കുറഞ്ഞത് ജീവിതത്തെ ബാധിച്ചതായി ഇരുവരും പറയുന്നു. വീടിന് സമീപത്തുള്ള പുരയിടങ്ങളിലും വയലുകളിലുമുള്ള പച്ചപ്പുല്ലും വിലകൊടുത്തുവാങ്ങുന്ന കാലിത്തീറ്റയുമാണ് പശുക്കള്‍ക്ക് ആഹാരമായി നല്‍കിയിരുന്നത്. വേല്‍ ചൂടില്‍ പുല്ല് കിട്ടാതായത് പാല്‍ കുറയാന്‍ കാരണമായി. കുമാരിയുടെ ഒരു പശു വേനല്‍ ചൂടില്‍ തളര്‍ന്ന് വീണു. മൃഗാശുപത്രിയില്‍ നിന്ന് ഡോക്ടര്‍ എത്തി കാല്‍സ്യത്തിനുള്ള കുത്തിവയ്പ് നടത്തിയെങ്കിലും കുറവായിട്ടില്ല. ഇരുപത് ലിറ്റര്‍ വരെ മില്‍മയയില്‍ അളന്നിടത്ത് ഇപ്പോള്‍ അഞ്ച് ലിറ്ററില്‍ താഴെയായി. ഉഷ ഒരു പശുവിനെ കറന്ന് എട്ട് ലിറ്റര്‍ പാല്‍ വില്‍പന നടത്തിയിരുന്നത് മൂന്ന് ലിറ്ററായി കുറഞ്ഞു. കരിമണ്ണൂര്‍ തേക്കിന്‍ കൂട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മില്‍മ ബൂത്തില്‍ ശരാശരി 1200 ലിറ്റര്‍ പാലാണ് കര്‍ഷകര്‍ അളന്നിരുന്നത്. വേനല്‍ കനത്തതോടെ 200 ലിറ്റര്‍വരെയാണ് കുറഞ്ഞത്.

Related Articles

Back to top button
error: Content is protected !!