ChuttuvattomThodupuzha

മന്ത്രിക്ക് സമയമില്ല; ഉദ്ഘാടനം നടത്താതെ ജില്ലാ ആയുര്‍വേദ ആശുപത്രി കെട്ടിടം

തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിക്കായി പി.ജെ. ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നു പണം അനുവദിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടം മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്തു തുറന്നു കൊടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ജില്ലാ പഞ്ചായത്തംഗം പ്രഫ.എം. ജെ. ജേക്കബ് ആരോപിച്ചു. എംഎല്‍എ ഫണ്ടില്‍നിന്നു രണ്ടുകോടി ചെലവഴിച്ചാണ് ആശുപത്രി കോന്പൗണ്ടില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് ഒന്പതുമാസത്തിലേറെയായി. ആശുപത്രി വികസന സമിതി യോഗത്തിലും ജില്ലാ പഞ്ചായത്ത് കമ്മിറ്റിയിലും നിരന്തരം ആവശ്യപ്പെട്ടിട്ടും ആരോഗ്യ മന്ത്രിയുടെ തീയതി നിശ്ചയിക്കാത്തതിനാല്‍ പുതിയ കെട്ടിടം പൊതുജനങ്ങള്‍ക്കു തുറന്നു നല്‍കാന്‍ ജില്ലാ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കുന്നില്ല 2020ല്‍ നിര്‍മാണം ആരംഭിച്ച കെട്ടിടത്തിനു മൂന്നു നിലകളിലായി 5,000 ചതുശ്രയടി വിസ്തീര്‍ണമുണ്ട്. നാല് ഒപി മുറികള്‍, മൂന്ന് വാര്‍ഡുകള്‍, നഴ്‌സിംഗ് സ്റ്റേഷന്‍, ലിഫ്റ്റ് റൂം, സ്റ്റെയര്‍കേസ് റൂം, ടോയ്ല റ്റ് ബ്ലോക്ക്, 10000 ലിറ്റര്‍ ഓവര്‍ ഹെഡ് വാട്ടര്‍ ടാങ്ക്, സെപ്റ്റിക് ടാങ്ക്, മെയിന്‍ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന റാന്പ് തുടങ്ങിയവയും പുതിയ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 31നു കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ച് കരാറുകാരന്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കൈമാറി. താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത് പി.ജെ. ജോസഫ് മന്ത്രിയായിരുന്ന കാലത്താണ്.
സ്‌പോര്‍ട്‌സ് മെഡിസിന് പ്രത്യേക ചികിത്സ നല്‍കിയിരുന്ന ആശുപത്രിക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. ജില്ലാ ആശുപത്രിയോടു ചേര്‍ന്നു കിടന്ന 50 സെന്റ് സ്ഥലത്ത് മറ്റൊരു കെട്ടിടം നിര്‍മിക്കാന്‍ ഡീന്‍ കുര്യാക്കോസ് എംപിയും പ.ിജെ. ജോസഫും ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചെങ്കിലും ഇതിന്റെ നിര്‍മാണോദ്ഘാടനവും മനഃപൂര്‍വം മരവിപ്പിച്ചിരിക്കുകയാണ്. ഈ കെട്ടിടത്തിനായി ആയുര്‍വേദ ആശുപത്രിക്ക് പ്രത്യേക സ്ഥലം അനുവദിച്ചിരുന്നു. നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ ആയുര്‍വേദ ആശുപത്രി ഇന്ന് അവഗണനയിലാണ്.ആയുര്‍വേദ ചികിത്സ രംഗത്ത് ഏറെ പെരുമയുണ്ടായിരുന്ന ഈ സ്ഥാപനത്തെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ആശുപത്രിയെ പഴയ നിലയില്‍ പ്രവര്‍ത്തനസജ്ജമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍മാണം പൂര്‍ത്തിയായ കെട്ടിടം ഉടന്‍ തുറന്നുകൊടുക്കണമെന്നും ജില്ലാ പഞ്ചായത്തംഗങ്ങള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!