IdukkiLocal Live

ഇടുക്കി മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ ഹാജരാകുന്നില്ല : ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വിശദീകരണം തേടി

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി ഡോക്ടര്‍മാര്‍ ഹാജരാകാത്തതിന് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വിശദീകരണം തേടി.
കഴിഞ്ഞ മൂന്ന് മാസത്തെ ഹാജര്‍ നില 75 ശതമാനത്തില്‍ താഴെയായതിനെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ടങ്കിലും ഭൂരിപക്ഷം പേരും ഹാജരാകാറില്ലെന്നാണ് വിമര്‍ശനം. വേണ്ടത് 120 ഡോക്ടര്‍മാരാണെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഒരു മാസം മുന്‍പ് 50 ഡോക്ടര്‍മാരെക്കൂടി നിയമിച്ചതോടെ എണ്ണം 150 ആയി. പക്ഷെ ഡ്യൂട്ടിയിലുള്ളത് ദിവസവും ശരാശരി 50 ല്‍ താഴെ ഡോക്ടര്‍മാര്‍ മാത്രം. ചാര്‍ജെടുക്കുന്ന ഡോക്ടര്‍മാര്‍ പലരും അവധിയെടുത്ത് മുങ്ങുകയാണ് പതിവ്. ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളജ് എന്ന ലേബല്‍ നേടിയിട്ട് ഒരു പതിറ്റാണ്ടാകുമ്പോഴും പരിമിതികള്‍ തുടരുകയാണ്.അത്യാസന്ന നിലയിലെത്തുന്ന ഒരു രോഗിക്ക് പോലും ഇവിടെ ചികിത്സ ലഭ്യമല്ല. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയക്കുകയാണ് പതിവ്. ജില്ല ആശുപത്രി ആയിരുന്നപ്പോള്‍ ലഭിച്ചിരുന്ന സേവനങ്ങളും, ചികിത്സ സൗകര്യങ്ങളും ഇപ്പോഴില്ല.മെഡിക്കല്‍ കോളജ് അക്കാദമിക് വിഭാഗത്തിലും ചികിത്സ വിഭാഗത്തിലുമായി ആകെ വേണ്ട ഡോക്ടര്‍മാരില്‍ 75 ശതമാനത്തില്‍ താഴെയാണ് ഇപ്പോഴുള്ളത്. മെഡിക്കല്‍ കോളജില്‍ 27 ഡോക്ടര്‍മാരും ചികിത്സാ വിഭാഗത്തില്‍ 24 പേരും ഉള്ളവരില്‍ പലരും അവധിയിലാണ്. അസ്ഥി രോഗ വിഭാഗം, ശ്വാസ കോശ രോഗ വിഭാഗം, ത്വക് രോഗ വിഭാഗം, റേഡിയോളജി എന്നിവിടങ്ങളില്‍ വല്ലപ്പോഴും ഓരോ ഡോക്ടര്‍മാര്‍ വീതമാണ് എത്തുന്നത്. മറ്റ് ജീവനക്കാരില്‍ ഏറിയ പങ്കും ദിവസ വേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ്. വര്‍ക്ക് അറേഞ്ച്‌മെന്റില്‍ പോയ ഒരു ഡോക്ടര്‍ പോലും തിരികെ എത്തിയിട്ടില്ല. ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും കുറവ് നികത്താതെ ഇടുക്കി മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനം സാധ്യമല്ലെന്നാണ് ആക്ഷേപം.

Related Articles

Back to top button
error: Content is protected !!