ChuttuvattomThodupuzha

പൈപ്പ് തകരാര്‍ പരിഹരിച്ചു; ജലവിതരണം പുനരാരംഭിച്ചു

തൊടുപുഴ: നഗരസഭാ പരിധിയില്‍ കുടിവെള്ളം വിതരണം ചെയ്യുന്ന പ്ലാന്റിലേക്ക് വെള്ളം പന്പുചെയ്യുന്ന പ്രധാന പൈപ്പ് ലൈനിലെ തകരാര്‍ ഇന്നലെ രാത്രിയോടെ പരിഹരിച്ച് ജലവിതരണം പുനരാരംഭിച്ചു. നഗരത്തില്‍ കാഞ്ഞിരമറ്റം ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം ജലവിതരണ പൈപ്പു പൊട്ടിയത്. നഗരസഭാ പരിധിയില്‍ കൊന്നയ്ക്കാമല, കാരൂപ്പാറ, ഉറവപ്പാറ മേഖലകളിലേയ്ക്കും കുമാരമംഗലം പഞ്ചായത്തിലുമാണ് രണ്ടു ദിവസമായി കുടിവെള്ള വിതരണം മുടങ്ങിയത്. കാഞ്ഞിരമറ്റം ജംഗ്ഷനില്‍ ഏറെ നാളായി പൈപ്പ് പൊട്ടല്‍ പതിവായിരുന്നു. കഴിഞ്ഞദിവസം പൈപ്പു പൊട്ടിയതോടെ റോഡില്‍ വലിയ തോതില്‍ വെള്ളക്കെട്ടുണ്ടായി. പൈപ്പ് പൊട്ടി റോഡ് തോടായ വാര്‍ത്ത ദീപിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. പൈപ്പ് പൊട്ടിയൊഴുകിയതോടെ ആധുനിക രീതിയില്‍ നിര്‍മിച്ച റോഡു തകരുകയും ചെയ്തിരുന്നു. റോഡ് നിരന്തരം തകരുന്നതിനാല്‍ പൊതുമരാമത്ത് വകുപ്പ് ടൈല്‍ സ്ഥാപിച്ചിരുന്നു. ഈ ടൈലുകള്‍ നീക്കി റോഡ് മണ്ണുമാന്തി ഉപയോഗിച്ച് കുഴിച്ച് വലിയ പൈപ്പ് പുറത്തെടുത്താണ് തകരാര്‍ പരിഹരിച്ചത്. പൈപ്പിന്റെ തകരാര്‍ പരിഹരിച്ച് പിന്നീട് കോണ്‍ക്രീറ്റ് ഉപയോഗിച്ച് ഉറപ്പിക്കുന്ന ജോലികളാണ് ഇന്നലെ രാത്രിയോടെ പൂര്‍ത്തിയായത്. രണ്ടു പന്പിംഗ് ലൈനുകളിലൂടെയാണ് നഗരത്തിലും പരിസര പ്രദേശങ്ങളിലും കുടിവെള്ള വിതരണം നടത്തുന്നത്. ഇതില്‍ ഒരു പൈപ്പാണ് കഴിഞ്ഞ ദിവസം തകര്‍ന്നത്. ഒരു പൈപ്പ് ലൈനിലൂടെ വിതരണം നടന്നതിനാല്‍ നഗരത്തില്‍ കുടിവെള്ളം മുടങ്ങിയില്ല.

Related Articles

Back to top button
error: Content is protected !!