ChuttuvattomThodupuzha

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലം: ജോസ് കെ. മാണി എം.പി

തൊടുപുഴ: കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് സഹകരണ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് ജോസ്.കെ.മാണി എം.പി. തൊടുപുഴ താലൂക്ക് റൂറല്‍ മര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മന്ദിരം കാഞ്ഞിരമറ്റം ബൈപ്പാസ് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലാണ്  സഹകരണ മേഖല. ചുരുക്കം ചില പുഴുക്കുത്തുകള്‍ എല്ലാ മേഖലയില്‍ എന്നപോലെ സഹകരണ മേഖലയിലും കടന്നുകയറിയിട്ടുണ്ട്. കര്‍ശനമായ സാമ്പത്തിക അച്ചടക്കവും സുതാര്യമായ  പ്രവര്‍ത്തന ശൈലിയും നിലനിര്‍ത്തി സഹകാരികളോട് വിശ്വസ്തതയും പ്രതിബദ്ധതയും പുലര്‍ത്തുവാന്‍  സഹകരണ സംഘങ്ങളുടെ ഭാരവാഹികള്‍ക്ക് ഉത്തരവാദിത്വവും കടമയും ഉണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഭരണഘടന പ്രകാരം ഉറപ്പു നല്‍കുന്നതാണ് സഹകരണ മേഖല.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുത്ത് സഹകരണ മേഖലയിലും ആധിപത്യം സ്ഥാപിക്കാന്‍ പരിശ്രമിക്കുന്നത് സഹകരണ പ്രസ്ഥാനങ്ങളെ പ്രതിസന്ധിയിലാക്കും. കേരളത്തിലെ അര്‍ബന്‍ ബാങ്കുകളെ പ്രതിസന്ധിയില്‍ ആക്കിയതില്‍ പ്രധാനപ്പെട്ട  കാരണം  കേന്ദ്രം റിസര്‍വ് ബാങ്കിനെ ഉപയോഗിച്ച് നടത്തുന്ന ഇടപെടലുകളാണ്.  സഹകാരികളുടെ നിക്ഷേപങ്ങള്‍ക്ക് പൂര്‍ണ്ണ സുരക്ഷ ഒരുക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് രൂപവല്‍ക്കരിച്ചത് തന്നെ സഹകരണ മേഖലയെ പരിരക്ഷിക്കുന്നതിനാണെന്നും ജോസ് കെ മാണി പറഞ്ഞു. കോവിഡ് മഹാമാരിയും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലയിടിവും കച്ചവട മാന്ദ്യവും കേരളത്തിന്റെ സമ്പദ്ഘടനയെ പിടിച്ചു കുലുക്കിയ നാളുകളില്‍ കേരളത്തിലെ വ്യാപാര മേഖലയ്ക്ക് താങ്ങും തുണയുമായി നിന്നത് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ ആണെന്ന് ജല വിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഓഫീസ് മന്ദിര ഉദ്ഘാടനത്തോടനുബന്ധിച്ച് ചേര്‍ന്ന പൊതു സമ്മേളനം ഉദ്ഘാടനം  ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.  സഹകരണ സംഘം പ്രസിഡന്റ്  ജയകൃഷ്ണന്‍ പുതിയേടത്ത് അധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.  സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാളിങും  പുരസ്‌കാര വിതരണവും മന്ത്രി റോഷി അഗസ്റ്റിയന്‍ നിര്‍വഹിച്ചു. ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ടി.ബി സുബൈര്‍, പ്രഫ .കെ.ഐ ആന്റണി,പാക്‌സ് പ്രസിഡന്റ്  കെ. ദീപക്, പ്രശോഭ് ആര്‍. നായര്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍ മിനി സി .ആര്‍, പി. പി ജോയ്, പി.ജി രാജശേഖരന്‍, ജിമ്മി മറ്റത്തിപാറ ,റെജി കുന്നംകോട്ട്, വര്‍ഗീസ് കുര്യന്‍ മാടപ്പറമ്പില്‍, കെ. സുരേഷ് ബാബു, സാലി എസ്. മുഹമ്മദ്, സാജു കുന്നേമുറി,ഷാജി വര്‍ഗീസ് ഞാളൂര്‍, സി. എസ് ശശീന്ദ്രന്‍,നിമ്മി ഷാജി, ജോമി കുന്നപ്പള്ളി, ഷിബു ഈപ്പന്‍, സിനി മനോജ്, കെ. ആര്‍ സുരേഷ് , രാജലക്ഷ്മിപ്രകാശ്, സംഘം സെക്രട്ടറി അജ്മല്‍ കെ. അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!