ChuttuvattomThodupuzha

ബൈപാസിനായി സ്ഥാപിച്ച സര്‍വ്വേക്കല്ലുകള്‍ പിഴുതു മാറ്റിയനിലയില്‍

തൊടുപുഴ: പെരുമറ്റം-ഇടപ്പള്ളി-തോട്ടുങ്കര ബൈപാസിനായി സ്ഥാപിച്ച സര്‍വ്വേക്കല്ലുകളില്‍ കൂടുതലും പിഴുതു മാറ്റി. മീനച്ചില്‍ കുടിവെള്ള പദ്ധതിക്കായി ബൈപാസ് റോഡിലൂടെ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള പരിശോധനയ്ക്കായി അധികൃതര്‍ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സ്ഥല പരിശോധനയ്ക്ക് പ്രദേശത്ത് എത്തിയ ജനങ്ങളാണ് സര്‍വേക്കല്ല് പിഴുത് മാറ്റിയത് കണ്ടെത്തിയത്. പെരുമറ്റം-ഇടപ്പള്ളി-തോട്ടുങ്കര, മാത്തപ്പാറ-ശങ്കരപ്പള്ളി, മുട്ടം ബസ് സ്റ്റാന്‍ഡ് എന്നിങ്ങനെ മൂന്നു ബൈപാസുകള്‍ മുട്ടത്ത് വിഭാവനം ചെയ്തിരുന്നു. പെരുമറ്റം-ഇടപ്പള്ളി-തോട്ടുങ്കര ബൈപാസിനായി സ്ഥലം അളന്നുതിരിച്ച് സര്‍വേക്കല്ല് സ്ഥാപിച്ചെങ്കിലും മറ്റു രണ്ട് ബൈപാസുകളുമായി ബന്ധപ്പെട്ട് യാതൊരു നടപടികളും അധികൃതരില്‍ നിന്നുണ്ടായില്ല. 2021ലാണ് ബൈപാസിനായി സ്ഥലം അളന്നുതിരിച്ചത്. എന്നാല്‍ 11 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പദ്ധതിക്കായി തുടര്‍ പ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയ കരിങ്കുന്നം കുടിവെള്ള പദ്ധതിക്കായി കണ്ടെത്തിയ പ്രദേശമാണ് പിന്നീട് ബൈപാസിന്റെ ആവശ്യത്തിലേക്ക് മാറ്റിയത്. എന്നാല്‍ ബൈപാസിനു വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സ്ഥലം ഉടമകളായ ഏതാനും പേര്‍ കോടതിയില്‍ കേസ് നല്‍കിയതോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭിച്ചു. പെരുമറ്റം കനാലിന് സമീപത്തുള്ള പഴയ റോഡ് മുതല്‍ തോട്ടുങ്കര പാലം വരെ 20 മീറ്റര്‍ വീതിയും 2.100 കിലോമീറ്റര്‍ നീളവുമുള്ള നാലുവരി പാതയാണ് ഇവിടെ വിഭാവനം ചെയ്തത്. പിന്നീട് പദ്ധതിക്കായി രണ്ടു കോടി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചെങ്കിലും ഭരണാനുമതി ലഭിച്ചില്ല. പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന ജി. സുധാകരന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ക്ക് പ്രദേശവാസികള്‍ നിവേദനങ്ങള്‍ നല്‍കിയെങ്കിലും യാതൊരു നടപടികളുമായില്ല.

പദ്ധതിയുടെ ആരംഭഘട്ടത്തില്‍ 10 കോടിയാണ് ചെലവ് പ്രതീക്ഷിച്ചത്. ഇതിന്റെ അഞ്ച് ശതമാനം കണ്ടിജന്‍സി തുകയായ 50 ലക്ഷം രൂപ റവന്യു വകുപ്പിലേക്ക് അടയ്ക്കണമെന്ന് 2021ല്‍ ആദ്യം വിജ്ഞാപനം ഇറങ്ങിയെങ്കിലും അതും ആരും ഗൗനിച്ചില്ല. ബൈപാസിനായി ജില്ലയില്‍നിന്നുള്ള മന്ത്രിയും മറ്റ് ജനപ്രതിനിധികളും സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.മുട്ടം ജില്ലാ കോടതി, ജില്ലാ ജയില്‍,എന്‍ജിനിയറിംഗ് കോളജ്, ഗവ. പോളിടെക്‌നിക് ഉള്‍പ്പടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മലങ്കര ടൂറിസം ഹബ്ബ്, നിര്‍മാണം പൂര്‍ത്തിയായി വരുന്ന തുടങ്ങനാട് സ്പൈസസ് പാര്‍ക്ക്, മുട്ടം വ്യവസായ പാര്‍ക്ക് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന മേഖലയില്‍ ബൈപാസ് ഏറെ ആവശ്യമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കൂടാതെ ശബരിമല സീസണ്‍ ആരംഭിച്ചാല്‍ അയ്യപ്പഭക്തര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും മുട്ടം ടൗണ്‍ ഉള്‍പ്പെടുന്ന റോഡാണ്.

Related Articles

Back to top button
error: Content is protected !!